പ്രായോഗികവാദം :അനുഭവങ്ങളുടെ അറിവിടങ്ങൾ,യതിയുടെ വിദ്യാഭ്യാസ ചിന്തകളിൽ.
പ്രായോഗികവാദം :അനുഭവങ്ങളുടെ അറിവിടങ്ങൾ,യതിയുടെ വിദ്യാഭ്യാസ ചിന്തകളിൽ.
ദീപ്തി. കെ. എച്ച്
“ഒരു ജനാധിപത്യരാജ്യത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രവർത്തനമാണ് മക്കളെ വളർത്തൽ. ആ രാഷ്ട്രീയ പ്രവർത്തനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വിദ്യാഭ്യാസം “
( 2023,123)
വിദ്യാഭ്യാസത്തെ സംബന്ധിച്ച് വളരെ വിദഗ്ധവും വിശാലവുമായ കാഴ്ചപ്പാടാണ് യതിക്കുണ്ടായിരുന്നത്. ജീവിതത്തിന്റെ സമഗ്രതലങ്ങളേയും സ്പർശിക്കുന്ന അദ്ദേഹത്തിന്റെ വിദ്യാഭ്യാസചിന്തകൾ പരിവർത്തനോന്മുഖ വിദ്യാഭ്യാസം, പ്രശാന്തമായ വിദ്യാലയാന്തരീക്ഷം, തുടങ്ങിയ കൃതികളിലെല്ലാം ഉൾചേർത്തിട്ടുണ്ട്. വിദേശ രാജ്യങ്ങൾ സഞ്ചരിച്ച് അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്ത തനിക്ക് നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ രീതിയോട് യോജിക്കുവാൻ കഴിയില്ലെന്ന് പരിവർത്തനോന്മുഖ വിദ്യാഭ്യാസത്തിന്റെ ആമുഖത്തിൽ തന്നെ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
കേരളത്തിലെ വിദ്യാഭ്യാസരീതിയെ ആഴത്തിൽ പഠിക്കുവാനും അപഗ്രഥിക്കുവാനുമായി അദ്ദേഹം വളരെ വ്യത്യസ്തവും സുതാര്യവുമായ രീതിയാണ് തിരഞ്ഞെടുത്തത്.അധ്യാപകർക്കും വിദ്യാർഥികൾക്കുമായി പ്രത്യേകം ചോദ്യാവലികൾ തയ്യാറാക്കി വലിയൊരു വിവര ശേഖരണം തന്നെ അദ്ദേഹം നടത്തുകയുണ്ടായി. ഈ ചോദ്യാവലിയും അവയുടെ പ്രതികരണങ്ങളും പരിവർത്തനോന്മുഖ വിദ്യാഭ്യാസത്തിന്റെ ആദ്യഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യാവലിയിലൂടെ വ്യക്തിഗത വിവരങ്ങൾ,സാമ്പത്തിക പ്രശ്നങ്ങൾ, പഠനസമയം, പഠന സാഹചര്യം, അധ്യാപകരുടെ സമീപനം, പഠന മൂല്യനിർണയം, ഭാഷാ പരിചയവും മാതൃഭാഷാ സ്വാധീനവും, പരീക്ഷാ സമ്പ്രദായം, വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിൽ വിദ്യാർത്ഥികളുടെ തൃപ്തി, ലൈംഗിക വിദ്യാഭ്യാസം, ദുശീലങ്ങൾ, മതം, പ്രത്യയശാസ്ത്രം, സ്വയംപര്യാപ്തത,എന്നിവ മനസ്സിലാക്കുവാനാണ് അദ്ദേഹം ശ്രമിക്കുന്നത്.അദ്ധ്യാപകർക്കുള്ള ചോദ്യാവലിയിൽ അദ്ധ്യാപക -വിദ്യാർത്ഥി ബന്ധം, രക്ഷിതാക്കളുമായുള്ള ആശയവിനിമയം, വിദ്യാലയങ്ങളിലെ അസൗകര്യങ്ങൾ, കക്ഷി രാഷ്ട്രീയം, പരീക്ഷാ തയ്യാറെടുപ്പുകൾ, അദ്ധ്യാപകരുടെ ദുശീലങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു.വളരെ മികച്ച രീതിയിൽ തന്നെയാണ് അദ്ദേഹത്തിന്റെ ചോദ്യാവലിയെ അധ്യാപകരും വിദ്യാർത്ഥികളും സമീപിച്ചത് എന്ന് പ്രതികരണങ്ങളിൽ നിന്ന് വളരെ വ്യക്തമാണ്. ഇവ കൂടാതെ വിദ്യാലയങ്ങളിലെ സാംസ്കാരികാന്തരീക്ഷവും, വിദ്യാലയ പരിസ്ഥിതിയും, ശിക്ഷണവും, അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള സ്നേഹാദരമായ പാരസ്പര്യവും അധ്യാപകർക്കിടയിലെ സഹവർത്തിത്വവും മനസ്സിലാക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. പല ചോദ്യങ്ങളും തുറന്ന് ചോദിക്കുന്നതിനും, വിദ്യാഭ്യാസ മേഖലയിലെ അധികം വെളിപ്പെടാത്ത പല പ്രശ്‌നങ്ങളും ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു . വിദ്യാഭ്യാസ രംഗത്തെ അതുവരെയുണ്ടായിരുന്ന സമ്പ്രദായത്തെ വിമർശനാത്മകമായി സമീപിക്കുവാനും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുവാനും, പുതിയ മാറ്റങ്ങൾക്ക് കാരണമാകാനുമുള്ള ശ്രമമായി യതിയുടെ ചോദ്യാവലിയെ വിലയിരുത്തുവാനാകും.
വിദ്യാഭ്യാസത്തിന്റെ പ്രായോഗികതലങ്ങൾ
വിദ്യാഭ്യാസത്തിന് സാമൂഹികപരവും വ്യക്തിപരവുമായ ലക്ഷ്യങ്ങൾ ഉണ്ടെന്നും, ഓരോ വ്യക്തിയെയും സാമൂഹിക ശേഷിയുള്ളവനാക്കി മാറ്റാൻ വിദ്യാഭ്യാസത്തിന് കഴിയുമെന്നും പ്രായോഗിക വാദിയായ ജോൺ ഡ്യൂയി അഭിപ്രായപ്പെടുന്നുണ്ട്.
പൗരാണിക ഗ്രീസിലെ സോഫിസ്റ്റ് ദാർശനികരിൽ നിന്ന് ഉത്ഭവിച്ച പ്രായോഗിക വാദം ചിന്തയേക്കാളുപരി പ്രവൃത്തിക്ക് പ്രാധാന്യം കൊടുക്കുന്നു. എല്ലാ ബോധനങ്ങളുടെയും അടിസ്ഥാനം പ്രവൃത്തിയാണെന്നാണ് പ്രായോഗികവാദികൾ വാദിക്കുന്നത്. പഠനത്തെ ലക്ഷ്യബോധമുള്ള പ്രക്രിയയാക്കാൻ ഈ ചിന്താപദ്ധതി സഹായിക്കുന്നുമുണ്ട്.
“വിദ്യാഭ്യാസത്തെ പരമ്പരാഗത രീതികളുമായി ബന്ധിപ്പിക്കുന്നില്ല. എല്ലാം സ്വാനുഭവങ്ങളുമായി ബന്ധപ്പെടുത്തി പരീക്ഷിച്ച് നോക്കുവാനാണ് പ്രായോഗികവാദ ദാർശനികർ ഉപദേശിക്കുന്നത് “
(2008:86)
പ്രായോഗിക വാദത്തിനെ പ്രായോക്താക്കളിൽ ഒരാളായിരുന്നു മഹാത്മാ ഗാന്ധി.അദ്ദേഹത്തിന്റെ’ നയീ താലിം’ എന്ന സങ്കൽപം പ്രായോഗിക വിദ്യാഭ്യാസത്തെ കുറിച്ച് വളരെ വിശദമായിത്തന്നെ വ്യക്തമാക്കുന്നുണ്ട്.വിദ്യാഭ്യാസത്തെ സംബന്ധിച്ച നിത്യ ചൈതന്യയതിയുടെ പല ചിന്തകളും പ്രായോഗികവാദ തത്വത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് വിലയിരുത്തുവാൻ കഴിയും.
ഒരു കുഞ്ഞിന്റെ ആദ്യ അഞ്ചുവയസ്സ് വരെയുള്ള ശിക്ഷണം മാതാവ് ഏറ്റെടുക്കണമെന്ന് പരിവർത്തനോന്മുഖ വിദ്യാഭ്യാസത്തിൽ യതി നിർദ്ദേശിക്കുന്നുണ്ട്.ഒന്നാം ക്ലാസ്സ് മുതൽ അഞ്ചാം ക്ലാസ്സ് വരെ കുഞ്ഞിനെ പഠിപ്പിക്കുവാൻ ഒരു അദ്ധ്യാപകൻ മതി. വീടുകളിൽ അമ്മമാർ ഒരു കൊച്ചു സ്കൂൾ നടത്തിക്കൊണ്ട് പോകണം. പാത്രം വൃത്തിയായി കഴുകുക, വെള്ളം കോരി പാത്രങ്ങളിൽ നിറയ്ക്കുക, വീട്ടുസാമാനങ്ങൾ അടക്കി വയ്ക്കുക ഇതെല്ലാം കുടുംബ സ്കൂളിന്റെ പരിപാടിയിൽ വരണമെന്ന് അദ്ദേഹം പറയുന്നു.കിന്റർഗാർട്ടൻ ക്ലാസ്സുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്കൂളുകളിൽ തന്നെ അവരുടെ പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഏർപ്പാടുണ്ടാക്കണമെന്നും അവർക്ക് ഒരിക്കലും ഹോം വർക്ക് കൊടുക്കുവാൻ പാടില്ലായെന്നും അദ്ദേഹം പറയുന്നുണ്ട്. കാർഡ്ബോർഡ്, തടി, കമ്പി,ആണി, പ്ലാസ്റ്റിക് നൂലുകൾ, കമ്പിളി നൂലുകൾ, പട്ട്നൂലുകൾ തുടങ്ങിയവ ഉപയോഗിക്കേണ്ട രീതിയും ശിക്ഷണത്തിന്റെ ഭാഗമായി സ്കൂളുകളിൽ പഠിപ്പിക്കണം.
ഒന്നാം ക്ലാസിനു മുൻപ് തന്നെ കുട്ടികളെ വൃത്തിയായ രീതിയിൽ മലമൂത്ര വിസർജനം ചെയ്യുവാനും ശരീരം വൃത്തിയാക്കാനും, പല്ല് തേയ്ക്കാനും, സ്വന്തം ചെരിപ്പുകൾ, ഉടുപ്പുകൾ, പുസ്തകങ്ങൾ എന്നിവ വൃത്തിയായി അടുക്കി വയ്ക്കുവാനും കുട്ടികളെ പരിചയിപ്പിക്കണം.
പന്ത്രണ്ട് വയസ്സിനും പതിനഞ്ചു വയസ്സിനുമിടയ്ക്ക് സാമാന്യമായ രീതിയിൽ പ്രഭാത ഭക്ഷണമുണ്ടാക്കാനും അത് മേശപ്പുറത്ത് ന്യായമായി വിളമ്പി വയ്ക്കാനുമുള്ള പരിചയം എല്ലാ വിദ്യാർത്ഥികൾക്കും പഠിപ്പിച്ചു കൊടുക്കുവാൻ അധ്യാപകരും മാതാപിതാക്കളും മുൻകൈയ്യെടുക്കണം. പ്രായമായവർ, അപരിചിതർ, അതിഥികൾ എന്നിവരോട് സ്നേഹാദരത്തോടും വിനയത്തോടും സഹകരണബുദ്ധിയോടും സേവനമനോഭാവത്തോടും പെരുമാറുവാൻ പരിശീലനം നൽകുകയും വേണം.വീട് ബോധപൂർവ്വം വിദ്യാലയമാക്കാനും, വിദ്യാലയം ബോധപൂർവ്വം വീടാക്കാനും കഴിയണമെന്ന് അദ്ദേഹം പറയുന്നു.ദിനചാര്യാക്രമം,ഗാർഹിക വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് വളരെ വിശദമായി തന്നെ അദ്ദേഹം എഴുതിയിട്ടുണ്ട്.
“അധ്യാപകന്റെ മേൽനോട്ടത്തിൽ രൂപപ്പെടുത്തിയെടുക്കുവാനായി അവനു കിട്ടുന്ന പ്രാതിയൗഗികമായ കരുവാണ് കുഞ്ഞ്. ആ കുഞ്ഞിൽ രൂപം കൊള്ളുന്ന വ്യക്തിത്വം വേണം ഭാവിജനതയ്ക്ക് സുരക്ഷിതത്വം നൽകുന്ന പ്രതിജ്ഞയായിത്തീരേണ്ടത് “
(2014,66)
വിദ്യാർത്ഥിയുടെ സ്വഭാവരൂപീകരണത്തിൽ വലിയൊരു പങ്ക് അധ്യാപകനുണ്ട്.അധ്യാപകന്റെ സൂക്ഷ്മമായ ഓരോ ഇടപെടലും ജീവിതകാലം മുഴുവൻ വിദ്യാർത്ഥികളെ സ്വാധീനിക്കും. അത് കൊണ്ട് തന്നെ അധ്യാപകർ വളരെ ശ്രദ്ധയോടെ തന്നെ കുട്ടികളുമായി ഇടപെടണം. ജീവിതത്തിന്റെ പ്രായോഗിക വശങ്ങൾ പരിശീലിപ്പിക്കുവാനും അദ്ധ്യാപകർക്ക് കഴിയണം.
വിദ്യാഭ്യാസത്തിലൂടെ ഓരോ കുട്ടിയും അവനു വികസിക്കാവുന്നത്രയും വികസിക്കുന്ന മനുഷ്യനായിത്തീരണമെന്നും യതി അഭിപ്രായപ്പെടുന്നുണ്ട്.
സഹായക ഗ്രന്ഥങ്ങൾ
1.ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും(2023)താങ്ങാവാൻ തണലാവാൻ താങ്ങാവുന്ന വിദ്യാഭ്യാസം, സാരംഗ് ബുക്ക്സ്, അഗളി, പാലക്കാട്.
2.നിത്യചൈതന്യയതി (2014)പരിവർത്തനോന്മുഖ വിദ്യാഭ്യാസം, നാരായണ ഗുരുകുലം, ശ്രീനിവാസപുരം, വർക്കല.
3.നിത്യചൈതന്യയതി(2005)പ്രശാന്തമായ വിദ്യാലയാന്തരീക്ഷം,നാരായണ ഗുരുകുലം, ശ്രീനിവാസപുരം, വർക്കല.
4.തങ്കച്ചൻ, ടി. സി (2008)വിദ്യാഭ്യാസം ദാർശനിക-സാമൂഹ്യശാസ്ത്ര തലങ്ങൾ, വി. പബ്ലിഷേഴ്സ്, കോട്ടയം.
5.ശിവരാജൻ, കെ. (ഡോ), (2014)വിദ്യാഭ്യാസത്തിന്റെ മനഃശാസ്ത്രഭൂമിക, കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരണം.
Comments
Post a Comment