Posts

Showing posts from February, 2020

മൗനം

മൗനം ......... കനം പേറി ഉറഞ്ഞുകൂടുന്നു ഊറി  വീഴാതെ മിണ്ടാതിരിക്കുന്നു, പാട നീങ്ങാതെ തളം കെട്ടുന്നു മതിവരാത്ത  സ്വപ്നപാത്രങ്ങളിൽ പാകം ചേരാതെ മാറിമാറിയുറങ്ങുന്നു , വരിയകലുമ്പോൾ, ഇടയ്ക്കു ചേർക്കാൻ മറന്ന  ചിഹ്നമായി ഇത്തിരി ഇടം തേടുന്നു.

വാക്കടയാളങ്ങൾ

വാക്കടയാളങ്ങൾ ................  എനിക്കത്രയും പ്രിയപ്പെട്ട  കാടനക്കങ്ങളിൽ  ചുമ്മാ നടക്കാൻ,  ഇലമെത്തകളിൽ  ഉറുമ്പനക്കം കാണാൻ , ചിതൽ തുരുത്തുകളിൽ  കൈചേർത്തിരിക്കാൻ  മുള  കിലുക്കങ്ങളിൽ, പാറയൊഴുക്കുകളിൽ , കാൽ നനച്ചിരിക്കാൻ   വിരിക്കാത്ത ദൂരത്തിനപ്പുറം  നീ  വന്നില്ല . ഇരുളായിരുന്നിട്ടും  കൂരിരുളിനെ പ്രണയിച്ച കൂറ്റാക്കൂറ്റിരുട്ടിനോട്  നീ പറഞ്ഞതാകട്ടെ  വെളിച്ചമില്ലായ്മയുടെ കഥയും . നീയോളം നിവരുന്ന  തീരമില്ലെന്ന മുദ്രകുത്തലിലാണ്  നീയെന്നെ ഒടിച്ചുകുത്തിയത്. നീ നാട്ടിയ കൊടികളിലെല്ലാം  ചുളിവു കുടഞ്ഞ വിഴുപ്പു മണ _ വുമായിരുന്നു. നീയണിയാത്ത  നേരത്തിനൊക്കെയും  മഞ്ഞളുരഞ്ഞ കറപ്പാടുണ്ടെന്ന  വിഷമിറക്കലിലാണ്    നീയെന്നെ തളചിട്ടതും  ചേർത്തുവയ്ക്കലുകളെ  വെറും വാക്കിലടയാളമായി  തീർക്കാൻ മാത്രമാണല്ലോ  നീ എന്നെ   എന്നിൽ നിന്നും പറിച്ചെടുത്തതും 

രാത്രിയുടുപ്പ്

രാത്രിയുടുപ്പ് ........... ചുടാ കുടകളുടെ ശീലത്തുമ്പിൽ ചോർന്നിറങ്ങുന്ന മരവിപ്പിന് എഴുത്തുരാത്രികളുടെ നീലിച്ച മണമാണെടോ തണുത്തുറഞ്ഞ രാത്രിയുടുപ്പിനു ഇരച്ചു കേറുന്ന വിറങ്ങലിപ്പിനു കായാത്ത  ചൂടും അനതാത്ത കാപ്പിയും സ്വന്തം . തണുത്തു തണുത്തു വരണ്ട തൊലികളുടെ വലിച്ചു നീർത്തലിൽ പിടഞ്ഞു രണ്ടു കയ്യും പിരിച്ചങ്ങനെ നിൽക്കണം . കട്ടിജനാലകളുടെ അപ്പുറകാഴ്ച്ച മറയ്ക്കുന്ന പുകവേലികളെ അങ്ങനെ ഒന്നൂതി മറയ്ക്കണം .

നിന്നിൽ ഉടഞ്ഞ ഞാൻ

 Ninnil udanja njaan ................. നീ കൊലുസ്സു തിരഞ്ഞ എന്റെ കാലുകൾക്ക് നീർക്കെട്ടിന്റെ നീലിപ്പായിരുന്നു . ഇടത്തെ കണ്ണിനു വലത്തേതിനേക്കാൾ മങ്ങിപ്പും . ഇളം ചോപ്പുള്ള ചുണ്ടുകളാണ് നീ ചോദിച്ചത് പക്ഷെ ഞാൻ തരാതിരുന്ന എന്റെ ഉമ്മകൾക്കൊക്കെയും കറുപ്പിന്റെ പാടകെട്ടലായിരുന്നു എനിക്കറിയാം ഇടം വലം തിരിഞ്ഞുള്ള എന്റെ ശ്വാസമെടുപ്പുകൾ നിനക്ക് അസ്വസ്ഥതയുടെ വേലിയേറ്റമായിരുന്നെന്ന്  . എനിക്കേറ്റവും പ്രിയപ്പെട്ട കാപ്പികുടിപ്പുകൾ മണിക്കൂറുകളോളമുള്ള ഊതിപറപ്പിക്കലുകൾ എന്റെ മഴകൊണ്ടിരിപ്പുകൾ മുടി നിവർത്തലുകൾ എല്ലാം നിനക്ക് ഭ്രാന്തൻ മുള്ളുകളായിരുന്നെന്ന്. അതിൽ നീ നിന്നെ തന്നെ കുത്തിനോവിച്ചിരുന്നെന്ന് . എന്റെ കാട്ടുനടത്തങ്ങൾ ചവറിലിരിപ്പുകൾ ഇറങ്ങിപോകലുകൾ ഗസൽ രാത്രികൾ നിന്നെ വെറുപ്പിന്റെ നെറുകയിലെത്തിച്ചിരുന്നെന്ന് . എനിക്കറിയാം എനിക്കേറ്റവും പ്രിയപ്പെട്ടതൊക്കെയും നിനക്ക് നാക്കിടിപ്പിന്റെ കാരണ പേച്ചലുകളായിരുന്നെന്ന്  

തീക്കാറ്റ്

തീക്കാറ്റ് ................ നിന്റെ ഇരുമ്പുചുറ്റലുകളുടെ മുറിഞ്ഞ അറ്റത്താണ് എന്റെ പ്രണയം മരിച്ചു വീണത് . ആളിപ്പടരുന്ന തീക്കാറ്റിന്‌ മുന്നിലേക്കാണ് കറുത്ത് തുടങ്ങിയ തുരുമ്പു ചങ്ങലകളുടെ നിലച്ച ഭാരവുമായി നീയെന്നെ തള്ളിവീഴ്ത്തിയത് . കുരുക്ക്  മുറുകിയ വേട്ടപ്പട്ടിയുടെ ചൂരായിരുന്നു എനിക്ക് . നിനക്കാകട്ടെ അതിനുള്ളിൽ എന്നെ സൂത്രപ്പെടുത്തിയ വേട്ടനായകന്റെ പാളിയ നോട്ടവും.
അമ്മയെ ആവശ്യമുണ്ട് .................... നുറുക്ക് കഷ്ണങ്ങൾ വെന്തുടച്ചതിൽ തേങ്ങയൊതുക്കിനൊപ്പം തൈര് കട്ടയെക്കാൾ ,പുളി മാങ്ങ ചേർതിളക്കിയാൽ അവിയലിൽ  നാക്കുടക്കുമെന്നും.. നീലയമരിയും നെല്ലിക്കാപ്പൊടിയും ഒരു പിടി കയ്യുണ്ണ്യവും ചേർന്ന കാച്ചെണ്ണക്ക് ആന്റി ഡാൻഡ്രഫ് ഷാംപൂവിന്റെ  ബലമുണ്ടെന്നും ജലദോഷക്കാറ്റ് ഒന്നിതിലെ പോകുന്നുന്നു കണ്ടാൽ പാതി പാരസെറ്റമോളിനു പകരം ചതച്ച ചുക്കിനും കുരുമുളകിനും കൂട്ടായി , ഞെരടിയ പേരയില ചേർന്ന കാപ്പി പകരാനും റെഡി റ്റു മെയ്ക്  ദോശ മിക്സിന് പകരം തലേന്ന് വെള്ളത്തിലിട്ട ഉഴുന്നിനും പച്ചരിക്കുമൊപ്പം ചോറ് ചേർത്ത് പുളിപിച്ചാൽ ഇരുമ്പു കല്ലിൽ  മാവ് പരന്നിങ്ങനെ വിടർത്താനും കുഴലിൽ തീപ്പൊരി പകർന്ന എൽ പി ജി യെക്കാൾ ഉണക്ക തെങ്ങു കൊത്തിൽ വെന്തു തിളച്ച കറിയിൽ എണ്ണ പൊന്തുമ്പോൾ കര്യേപ്പില വിതറിയാൽ വിളമ്പലിൽ നീ താരമാകുമെന്നും വാളൻ പുളി നാരു കൂട്ടി തേച്ചു മിനുക്കിയ ഓട്ടുവിളക്കിൽ തിരി തെറുത്തു എള്ളെണ്ണ നനച്ചു കത്തിച്ചാൽ വൈകുന്നേരങ്ങൾക്ക് സീരിയൽ എപ്പിസോഡുകളേക്കാൾ രുചിയേറുമെന്നും ... പറഞ്ഞു നീർത്താനൊരു അമ്മയെ വേണം 😏.
ഇലഞരമ്പ് .......         ദീപ്തി സൈരന്ധ്രി അവളുടെ കരിപ്പച്ച കാടുകളിൽ തളിർപ്പ് പൊട്ടുമ്പോളെല്ലാം ഇളംപച്ചയാട്ടങ്ങൾ നെറ്റിമേൽ നിന്ന് കൂട്ടം തെറ്റിവീണ , മുടിനൂലുകളെ ഒതുക്കിയൊലിപ്പിച്ചു. വെയിലിറങ്ങാതെ  , വിടർന്നുവിടർന്നങ്ങനെ പച്ച പച്ചമേൽക്കയറിയിരുന്നു . ഒരു പഴുപ്പ്ഞെട്ടിന്മേൽ അമർന്നിരുന്ന പൂമ്പാറ്റക്കാടുകളോട് പോയ ജന്മത്തിലെ കഥ പറഞ്ഞിരുന്ന ഇലഞരമ്പുകൾ . കട്ടിപുസ്തകത്തിനുള്ളിൽ ഉണക്കിലകളായി അരിപ്പ ചിത്രങ്ങളായി ഞരമ്പുകളെല്ലാം വിടർത്തികാണിച്ച്  അസ്ഥി നിവർത്താൻ കൊതിച്ചുകൊതിച്ചങ്ങനെ പൊടിഞ്ഞുണങ്ങിയ വല്യേ നുണ കഥകൾ ..