Posts

തീർന്നുപോകുന്നവർ

തീർന്നുപോകുന്നവർ .............................. ദീപ്തി സൈരന്ധ്രി. പുറംമോടികളഴിച്ച് വച്ച് കാറ്റ് കൊള്ളാനിറങ്ങിയ പകൽ, കടൽ തീരത്ത്കൂടെ നടക്കുകയായിരുന്നു. ഒപ്പം കിതപ്പ്കൾക്കെല്ലാമൊടുവിൽ സ്വസ്തി തേടി കൂടെ കൂടിയ നിഴൽ. ഉപ്പ്തുള്ളി ചുണ്ടിൽ ചേരുമ്പോൾ കാറ്റിനോടവർ പിണങ്ങിയില്ല. ചൂടിറക്കം ചുട്ടു പൊള്ളിച്ച മണൽ, പതുപതുത്ത പരവതാനിയാക്കാൻ അപ്പോളവർക്ക് കഴിയുമായിരുന്നു. കണ്ണിയറ്റ വലകളിലൊന്നിന്റെയറ്റം കൂട്ടിതുന്നാൻ കാറ്റാടി മരത്തിന്റെ തണൽതേടിയവർ കാണുമെന്നു പേടിച്ച് മാത്രം കൈ പിടിച്ചു നടക്കാൻ മറന്നുപോയ പകലും വെയിലും. പോകെ പോകെ... തീർന്നുപോകുമെന്നറിയാത്ത അവർ രണ്ടു പേരും സന്ധ്യയോടൊപ്പം മാത്രം കുടഞ്ഞു വീണു.

അവളെന്ന കടൽ

............................ അങ്ങനെയിരിക്കെ കവിതകൊണ്ട് കോറിയിട്ട മുറിപ്പാടിൽ തെരു തെരെ ഉമ്മവയ്ക്കാൻ കടൽ പാലത്തിൽ സന്ധ്യകളെ കാത്തിരിക്കുകയും, വരാതിരിക്കുംതോറും അവിടെല്ലാം അടയാള കുറ്റി തറയ്ക്കുകയും ഇന്നലെകളിൽ മാറ്റി വച്ചത് വീണ്ടും കേട്ട് കേട്ടുറങ്ങുകയും. പെയ്യാതെ തൂവിത്തൂവി നിന്ന് ഒടുക്കം നിന്നെ വായിക്കാതെ പോയ ഒടുവിലത്തെ കവിതയും അവളാകുന്നു

മിയാൻ കീ മൽഹാർ

മിയാൻ കീ മൽഹാർ ............................... ദീപ്തി സൈരന്ധ്രി. ഇരുട്ട് കൂടുകൂട്ടുമ്പോളെല്ലാം "മഴച്ചാറ് കൊണ്ട് ഉടൽനനയ്ക്കാൻ ഒരുങ്ങിയിരുന്നോളൂ.. " എന്ന്, അയാൾ പറയുമായിരുന്നു. മഴയെങ്ങാണ്ടൂന്നും പൊട്ടി പുറപ്പെട്ടൂന്നറിഞ്ഞാൽ പിന്നെ, ഖരാനയും താൻസണും മിയാൻ കീ മൽഹാറും അയാളെ റോന്ത് ചുറ്റുമായിരുന്നു. പപ്പ് പറിഞ്ഞ കോഴിയും, ആഴ്ച്ചത്തുടപ്പിൽ ഇളകാത്ത ചുക്കിലിയും, കാപ്പിമട്ട് കൊണ്ട് കറയുറഞ്ഞ ഉമ്മറവും 'അരേ വാഹ് 'എന്ന് അയാൾക്കൊപ്പം മൂളിപ്പോകുമായിരുന്നു. തമ്മിൽ പൂരിപ്പിക്കപ്പെടാതെ പോകുകയാണെന്നറിഞ്ഞിട്ടും ഉറക്കത്തിലെ ഓരോ വാക്കിന്റെ തലപ്പത്തും അയാൾ, എന്നും ഒരാവശ്യവുമില്ലാതെ "നീയാണെന്റെ മൽഹാർ " എന്ന് മാത്രം പിറുപിറുക്കുമായിരുന്നു.

ആൺപേടി

ആൺപേടി  .....................                 ദീപ്തി സൈരന്ധ്രി  അമ്മൂനൊരു കടലുണ്ട്  പലതരം പേടികളുടെ കടല്.  അതിൽ ഒന്നാം പേടി  ആൺപേടി.  മിനുസമില്ലാത്ത  വീർത്ത കവിളോ   കട്ടിയില്ലാത്ത മീശയോ ,  നീളമില്ലാത്ത, ഉരുണ്ട ഉടലോ ,  നീളൻ  കണ്ണുകളോ  എവിടെ കണ്ടാലും ആരിൽ കണ്ടാലും അമ്മു പുറന്തോട് നീർത്തി  ഒളിച്ചിരിക്കും.  കടൽ പാലത്തിൽ കയറി നിന്നാലും  വൃത്തികെട്ട ആ ചൂര്,  'ആൺചൂര്' അമ്മുവിനെ പൊതിയും. ഉപ്പുവെള്ളത്തിൽ കഴുകിയാലും  ചൂടുവെള്ളത്തിൽ തിരുമ്പിയാലും  വെയില് കൊണ്ടാലുമൊന്നും പോകാത്തത്  എന്ന് അമ്മുവിന് മാത്രം  നന്നായറിയാം. ഉറക്കപ്പായ,  മുരട്ട് കൂർക്കം വലി,    ഇരുട്ട് മുറി,  അടഞ്ഞ വാതിൽ,  രോമമിളകാത്ത പന്നിയിറച്ചി,  കിരുകിരെ ഒച്ചയുണ്ടാക്കുന്ന  സ്കൂട്ടർ, 'ബെവ്കോ' ബോർഡുകൾ  മൂർച്ചയുള്ള പിച്ചാത്തിക്കയ്യൻ  എല്ലാംകൂടി  അമ്മുവിനെ   സ്വപ്നങ്ങളിൽ പേടിപ്പിച്ചു.  ആരെങ്കിലും വന്നാൽ  കുളിമുറിയിൽ പോയി  വെറുതേ വെറുതേ  വെള്ളം കോരിക്കോരി നനയണം. ഇന്ന് വന്നുള്ളൂവെന്നും രാവിലെ പോകുമെന്നും  പറഞ്ഞ് കൊണ്ടേയിരിക്കണം.   ചിലപ്പോൾ മിണ്ടാതിരിക്കണം.   നട്ടുച്ചവെയിലിൽ പോയിനിൽക്കണം.  തിരിച്ചുവന്നിട്ടുണ്ടെന്ന്  ആരുമറിയര

നീയും ഞാനും

 നീയും ഞാനും         .....................                         ദീപ്തി സൈരന്ധ്രി    പേരറിയാത്ത നിമിഷത്തിൽ  ഇറങ്ങിപ്പോയ  എത്ര വയലറ്റ് പൂക്കളാണ്  നിന്നെ തേടി  വീണ്ടും  എന്നിലേക്കൊതുങ്ങുന്നത്.  നീ പടർന്നു പന്തലിച്ച ചെങ്കൽച്ചുവരിൽ വേരുകൾ എത്ര വേഗത്തിലാണ് ആഴ്ന്നിറങ്ങുന്നത്. എഴുത്തു മരവിച്ച എത്ര കവിതകൾക്കാണ് നീ തലക്കെട്ട് തുന്നുന്നത്. ഉടലാകെ നനഞ്ഞ് തോർന്ന മഴക്കാട്ടിൽ എത്ര  വേഗമാണ്  നീ ഞാനായി പെയ്യുന്നത്.

വെയിലുകൾ ഉമ്മകളെ പണിയുന്ന വിധം

 വെയിലുകൾ ഉമ്മകളെ പണിയുന്ന വിധം.  ..........................  നിന്റെ ചോലയിൽ   അവസാന  മിനുക്കുപണിയും കഴിഞ്ഞ്  ബാക്കിയായ  ഇളം വെയിലിനെ തേടുന്നതും,  നീയുണർന്ന് നടക്കുമ്പോൾ  നിന്റെ വിരലറ്റത്തൊരു വെയിൽ,  ഉമ്മകളെ പണിയുന്ന വിധം സ്വപ്നം കാണുന്നതും ,  മരിച്ചിട്ടില്ലെന്ന്  ഓർമ്മിപ്പിക്കും വിധം  നിന്റെ കവിതകളെ  കുലുക്കിവീഴ്ത്തി  ഉച്ചവെയിലുകളുടെ  ഭൂപടത്തിൽ  നിഴൽരേഖ  നീട്ടുന്നതും  ഞാനാകാം.  ചില വെയിൽനേരങ്ങളെ   ചുട്ടുനീറ്റലില്ലാതെ  നിന്റെനിന്റെയെന്നോർമ്മ വീഴ്ത്തുന്നതും ഞാനാകാം.