നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ




നോർത്ത്  പറവൂർ (ചരിത്രം)


വലിയൊരു ചരിത്രം ഉറങ്ങുന്ന നാട്ടിൽ ആണ് ജനിച്ചത് .നാടിന്റെ ചരിത്രം അറിയുന്തോറും ഏറി വരുന്നു ,വിസ്മയിപ്പിക്കുന്നു .5 വർഷം മുൻപ് തുടങ്ങിയ ചെറിയ ആഗ്രഹം .തേടിപിടിച്ചതും കുറിച്ചുവെച്ചതും പ്രളയം കൊണ്ട് പോയി . ചെറിയ ഒരു ശ്രമമാണ് .
പറഞ്ഞു വരുന്നത് നമ്മുടെ വടക്കൻ പറവൂരിന്റെ ചരിത്രത്തെ കുറിച്ചാണ് .

പറവൂർ എന്ന പേരിനു  പിന്നിൽ

തദ്ദേശീയമായി "പറൂര് " എന്ന് അറിയപ്പെടുന്നു .നെയ്തൽ തിണയിലെ പ്രധാന ശക്തിയായ പറവരുടെ ഊർ  (പറയ്‌  ഊർ) ഐ കാരം നഷ്ടപെട്ട്  പറയൂര് ആയെന്നും ,പിന്നീട് 'പറവൂർ'എന്നറിയപ്പെട്ടു  എന്നും  "ചിലപ്പതികാരത്തിൽ "ഇളങ്കോ അടികൾ രേഖപ്പെടുത്തിയിരിക്കുന്നു .
എന്നാൽ പ്രശസ്ത വിദ്യാകേന്ദ്രം  ആയിരുന്ന "കാന്തള്ളൂർ  ശാല " കോട്ടയിൽ കോവിലകം ആയിരുന്നു എന്നും ,അവിടുത്തെ പണ്ഡിതന്മാർ (പറയന്മാരുടെ)ഊർ  ആണ് പറവൂർ എന്നും "ചരിത്രത്തിന്റെ അടിവേരുകൾ "എന്ന ഗ്രന്ഥത്തിൽ കേസരി ഏ ബാലകൃഷ്ണപിള്ള പറയുന്നു .

ചരിത്രം 

വാൽമീകി രാമായണത്തിൽ "മുരചി പട്ടണം " എന്നും തമിഴ് കൃതികളിൽ "മുചിരി"എന്നും ഭാസ്കര രവിവർമന്റെ ജൂതശാസനത്തിൽ "മുയിരിക്കോട്‌ "എന്നും അറിയപ്പെടുന്ന മഹോദയപുരം (കൊടുങ്ങല്ലൂർ,(മുസിരിസ്)ന്റെ തുറമുഖ പ്രദേശങ്ങൾ പറവൂർ ആയിരുന്നു.മുസിരിസ് ,തിണ്ടിസ്,ബാറാക്കെ ,നെല്കിണ്ട തുടങ്ങിയവ ആയിരുന്നു അന്നത്തെ പ്രധാന തുറമുഖങ്ങൾ .പുറം ദേശങ്ങളുമായി വാണിജ്യ വ്യാപാര ബന്ധങ്ങൾ മുസിരിസ്  തുറമുഖത്തിലൂടെ നടന്നു .പറവൂരിന്റെ ചരിത്രത്തിൽ ദ്രാവിഡ ,ബുദ്ധ,ജൈന,ജൂത ,ക്രൈസ്‌തവ ,ഇസ്‌ലാം,ഹൈന്ദവ മതങ്ങളുടെ പങ്ക് വളരെ വലുതാണ്. .അറബികൾ,റോമാക്കാർ യഹൂദർ,പോർട്ടുഗീസുകാർ ,ഡച്ചുകാർ,ഇംഗ്ലീഷ്കാർ എന്നിവർക്കും  പറവൂരിന്റെ ചരിത്രത്തിൽ സ്ഥാനം ഉണ്ട് .1341 ൽ  പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മുസിരിസ് പട്ടണം നാമാവശേഷമായി .അഴിമുഖത്തിന്റെ ആഴം കുറഞ്ഞു ,കൊച്ചി തുറമുഖം പ്രാമുഖ്യം നേടി.ചെളി ഉറച്ചു കൊച്ചു ദ്വീപുകൾ രൂപപ്പെട്ടു .പറവൂരിലെ  മിക്ക സ്ഥലനാമങ്ങൾക്കും പിന്നിലെ "തുരുത്ത്  " "കര"എന്നിവ ഇത് സൂചിപ്പിക്കുന്നു.(ഉദാ.ഗോതുരുത്ത്  പഴമ്പിള്ളി തുരുത്ത് ,കടൽവാത്തുരുത്ത്, ചിറ്റാറ്റുകര,വടക്കേക്കര ,കുന്നുകര എന്നിങ്ങനെ..)വൈപ്പിൻ ദ്വീപിന്റെ രൂപപ്പെടലും ഇങ്ങനെ തന്നെ .


*ബുദ്ധ ജൈന മതങ്ങൾക്ക് മുൻപ്   പ്രകൃതി ശക്തികളെ ആരാധിച്ചിരുന്ന ദ്രാവിഡ മതം ചേര രാജ്യത്തു ശക്തമായിരുന്നു .അതിന്റെ ഭാഗമായ "അമ്മ ദൈവ " ആരാധനയുടെ ബാക്കി യാണ്  കാളികുളങ്ങരയിലെ "കലം നേർച്ചയും" " തെണ്ടു ചുടലും "എന്ന് വിശ്വസിക്കുന്നു .

*ബുദ്ധ മതം നിലനിന്നിരുന്നതിന്റെ തെളിവുകൾ പട്ടണം ഉല്ഖനനത്തിൽ നിന്നും ചേന്ദമംഗലം,വള്ളുവള്ളി പ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്

*എ ഡി 52 ൽ തോമാശ്ലീഹാ  മാല്യങ്കരയിൽ വന്നിറങ്ങി  .അദ്ദേഹം സ്ഥാപിച്ച
ഏഴര പള്ളികളായ പാലയൂർ, ,നിരണം,നിലയ്ക്കൽ,കൊല്ലം, കൊക്കമംഗലം ,മാല്യങ്കര ,കോട്ടയ്ക്കാവ്,  എന്നിവയിൽ അവസാനത്തെ രണ്ടും  പറവൂർ ആണ് .

*എ ഡി 68 ൽ വന്നിറങ്ങിയ ജൂതന്മാർ പറവൂർ ,ചേന്ദമംഗലം,മാള ,കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ താമസമാക്കി .
കോട്ടയിൽ കോവിലകത്തു കറുത്ത ജൂതന്മാരുടെ പള്ളിയിൽ ഹീബ്രു ഭാഷയിൽ എഴുതിയ ശിലാലിഖിതം കാണാം .പതിനാറാം  നൂറ്റാണ്ടിലും കുടിയേറ്റം ഉണ്ടായി .ഇവരെ കൊച്ചി  രാജാവ് സംരക്ഷിച്ചതായി  രേഖകൾ പറയുന്നു.ഇസ്രായേൽ രൂപീകരണത്തോടെയാണ് ഇവർ മടങ്ങിയത്  .

*പറവൂരിന്റെ പോർട്ടുഗീസ് ബന്ധത്തിന്റെ തെളിവ് ആണ് കോട്ടയിൽ കോവിലകത്തെ വൈപ്പിക്കോട്ട സെമിനാരി.

~വൈപ്പി കോട്ട ക്രിസ്ത്യൻ യുവാക്കൾക്ക് സുറിയാനി ഭാഷയിൽ അഭ്യസനം നൽകാൻ  സ്ഥാപിക്കപ്പെട്ടു .ലത്തീൻ സഭയുടെ രൂപീകരണത്തിന് വലിയ ഒരു അടിത്തറ ആണിത്.

 *പോർട്ടുഗീസുകാരാണ് കേരളത്തിൽ ആദ്യമായി അച്ചടി കൊണ്ടുവരുന്നത് .
അമ്പഴക്കാട്(മാള),വൈപ്പികോട്ട,കൊച്ചി,വരാപ്പുഴ എന്നിവിടങ്ങളിൽ അവർ അച്ചടി കേന്ദ്രങ്ങൾ തുടങ്ങി .

*പോർട്ടുഗീസ് ആക്രമണത്തെ തുടർന്ന് ഗോവയിൽ നിന്ന് രക്ഷപ്പെട്ടു ഓടിയ  ഗൗഡ സാരസ്വത ബ്രാഹ്മണർക്ക് പറവൂർ അഭയം നല്കി .പതിനാറാം നൂറ്റാണ്ടിൽ ചേന്ദമംഗലം,കൊച്ചി,ആലപ്പുഴ എന്നിവിടങ്ങളിലേക്ക് നടന്ന പലായനത്തെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


*പറവൂരിന്റെ ഡച്ച് ബന്ധവും ശ്രദ്ധേയം ആണ്.1661 ൽ പോർട്ടുഗീസുകാരിൽ നിന്ന് പള്ളിപ്പുറം കോട്ട ഡച്ച് സൈന്യം പിടിച്ചെടുത്തു .ഡച്ച്കാരെ സഹായിക്കാൻ മലബാറിൽ നിന്ന് സാമൂതിരി "എളങ്കുന്നപുഴ "വന്നു .
~പാലിയതു അച്ഛന് ഡച്ച്കാരുമായുള്ള ബന്ധത്തിന്റെ അടയാളമാണ് ചേന്ദമംഗലത്തെ പാലിയം ഡച്ച് കൊട്ടാരം .

*ഡച്ചുകാർ  തെങ്ങു കൃഷി നന്നായി പ്രോത്സാഹിപ്പിച്ചു.കയർ ഉത്പന്നങ്ങൾ,വെളിച്ചെണ്ണ വ്യാപാരം തുടങ്ങി.പറവൂരിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ  കയർ ഉത്പാദനം ഉണ്ടായിരുന്നു .
*ഡച്ച്കാർ സൂറത്തിൽ നിന്ന് അമരി ചെടി കൊണ്ട് വന്നു ആലങ്ങാട്,വരാപ്പുഴ എന്നിവിടങ്ങളിൽ കൃഷി ചെയാൻ പ്രോത്സാഹിപ്പിച്ചു .

* നാട്ടുരാജാക്കന്മാരുടെ കാലത്തു പറവൂർ "പിണ്ടിനിവട്ടം സ്വരൂപം "എന്ന് അറിയപ്പെട്ടു .പാറക്കടവ് ആയിരുന്നു ആസ്ഥാനം .കൊച്ചിയോടു കൂറ് പുലർത്തിയിരുന്ന പറവൂർ രാജാവിന് ചില സവിശേഷ അവകാശങ്ങൾ ഉണ്ടായിരുന്നു .1764 ൽ തിരുവിതാങ്കൂറിനു കീഴടങ്ങി.

*ആലങ്ങാട് രാജാവ് മുത്തേരിപ്പാട്‌ ,മങ്ങാട്ടച്ചൻ എന്നി പേരുകളിൽ അറിയപ്പെട്ടു .മലയാറ്റൂർ  വരെ രാജ്യവിസ്‌തൃതി ഉണ്ടായിരുന്നു

*വൈപ്പിൻകര ഇടപ്പള്ളി രാജാവിന് കീഴിൽ ആയിരുന്നു.യൂറോപ്യൻ രേഖകളിൽ ഇടപ്പള്ളി രാജ്യം "റപ്പോളിൻ "എന്ന് അറിയപ്പെട്ടു .

*പറവൂരിന്റെ ചരിത്രത്തിൽ ഏറ്റവും പ്രധാനി ആണ് പാലിയത്ത്  അച്ചന്മാർ.ഇത് കൊച്ചി രാജാവിന്റെ പ്രധാനമന്ത്രിയുടെ സ്ഥാനപ്പേര് ആണ്.ഇവർക്ക് പ്രത്യേക അധികാരം ഉണ്ടായിരുന്നു.
~ചേന്ദമംഗലം കൈത്തറി,മാറ്റച്ചന്ത എന്നിവ യ്ക്ക് പിന്നിൽ പാലിയത് അച്ചന്മാർ ആണ് .
~പാലിയത്ത്  അച്ചന്മാരുടെ കൊട്ടാരത്തിനു മുന്നിലെ പൊതുനിരത്തിലൂടെ സാധാരണകാർക്ക് സഞ്ചാര സ്വാതന്ത്യം  വേണം എന്ന ആവശ്യം മുൻനിർത്തി ആണ് 1947 ൽ ചരിത്ര പ്രസിദ്ധമായ പാലിയം സത്യാഗ്രഹം നടന്നത് .എ. ജി വേലായുധൻ രക്തസാക്ഷി ആവുകയുണ്ടായി .


*1798 ലെ ടിപ്പുവിന്റെ ആക്രമണം പറവൂരിനെ ഏറെ ബാധിച്ചു .ആളുകൾ കൈയിൽ ഉള്ള വിലപിടിപ്പുള്ളവ കുഴിച്ചിട്ട് ജീവനും കൊണ്ട് ഓടി പോയി,പള്ളികൾ , അമ്പലങ്ങൾ എന്നിവ ടിപ്പു തകർത്തു .
~കുര്യാപ്പിള്ളി കോട്ട പിടിച്ചടക്കിയ ടിപ്പു തിരുവിതാങ്കൂർ പിടിച്ചടക്കാൻ ആലങ്ങാട് വഴി യാത്ര തുടർന്നെങ്കിലും ആലുവ  പുഴയിലെ അപ്രതീക്ഷിതമായ  വെള്ളപൊക്കം മൂലം തിരികെ പോയി എന്ന് പറയുന്നു .
~വെടിമറ  (വെടിമുറൈ) ,മാഞ്ഞാലി പുഴ,പട്ടാളം പള്ളി എന്നിവയുമായും ടിപ്പുവിന്റെ പടയോട്ടം ബന്ധപ്പെട്ടിരിക്കുന്നു .

*1921 ലെ മാപ്പിള ലഹള കാലത്തു മലബാറിൽ നിന്നും പ്രാണരക്ഷാർത്ഥം ഓടി വന്ന കുടുംബത്തിന്റേതാണ് വെളുത്താട്ട് ഭഗവതി ക്ഷേത്രം.

*15 ആം നൂറ്റാണ്ടിൽ എഴുതപെട്ട കോകസന്ദേശത്തിൽ ചക്രവാകം നായികയ്ക്ക് വഴി പറഞ്ഞു കൊടുക്കുന്നു .എന്നാൽ ഇടപ്പള്ളി വരെ ഉള്ള വഴി മാത്രമേ പറയുന്നുള്ളു .ഇതിലെ പ്രധാന ഭാഗങ്ങളിൽ കൊടുങ്ങല്ലൂർ,കോട്ടപ്പുറം കായൽ ,പറവൂർ ചേന്ദമംഗലം,ആറങ്ങാവു,വള്ളുവള്ളി,തിരുമുപ്പം,വരാപ്പുഴ,ചേരാനല്ലൂർ ,പോണേക്കര അടക്കം ഉള്ള സ്ഥലവർണ്ണന കാണാം .

*
"ചേരരും   ചെല്ലുടയ പറവൂർ ഗ്രാമമങ്ങേത് പിന്നെ "
(ഐശ്വര്യവും കീർത്തിയും നിറഞ്ഞ പറവൂർ ഗ്രാമമാണ് അടുത്ത് എന്ന് കോകസന്ദേശത്തിൽ പറയുന്നു.

~പറവൂരിനെ 
 നെടിയ തളി എന്ന് വിശേഷിപ്പിക്കുന്നു( മേൽത്തളി ,കീഴ്ത്തളി,ശൃംഗപുരതളി(കൊടുങ്ങല്ലൂർ ) എന്നി ബ്രഹ്ഹ്മണ ഗ്രാമങ്ങളിൽ  ഒന്ന് )

*വള്ളുവള്ളി (വള്ളുവർ പള്ളി )ൽ  റോമൻ നാണയങ്ങൾ കണ്ടെടുക്കുകയുണ്ടായി.ലാറ്റിയുസ്,സീസർ,ട്രാജൻ ,എന്നിവരെ കുറിച് വിവരം തരുന്ന 252 സ്വർണ്ണ നാണയങ്ങൾ ആണ് കണ്ടെത്തിയത് .

*പുത്തൻവേലിക്കരയിൽ നിന്ന് നന്നങ്ങാടികൾ കണ്ടെത്തിയിട്ടുണ്ട്.
ശക്തിയായ വേലിയേറ്റത്തെ തുടർന്നു രൂപപ്പെട്ട സ്ഥലമാണിത് .
ബുദ്ധൻവേലിക്കര=പുത്തൻവേലിക്കര ആയതു ആണെന്നും അഭിപ്രായം ഉണ്ട് .

*ആലങ്ങാട്ടെ ചെമ്പോലകളരി ശബരിമലയുമായി  ബന്ധപ്പെട്ടിരിക്കുന്നു .ഒതേനന്റെ മറവപടയെ നേരിടാൻ പന്തളം രാജാവിന്റെ നിർദേശപ്രകാരം പടയാളികൾ ആലങ്ങാട് നിന്നും അമ്പലപ്പുഴ നിന്നും പോയി എന്ന് പറയപ്പെടുന്നു .
~കരിമ്പ് ന്റെ നാട് (ആലയ്ക്ക്  )തമിഴിൽ),ആലങ്ങാട് എന്നും കാണാം .ആലങ്ങാടൻ ശർക്കരയെ പറ്റി കുഞ്ചൻ നമ്പ്യാർ കൃതികളിൽ പറയുന്നുണ്ട് .

അറിയുന്തോറും ഏറുകയും ,ഏറുന്തോറും ആഴപ്പെടുകയും ചെയ്യുന്ന ,നാടിന്റെ ചരിത്രം എഴുതി നിറയ്ക്കാൻ കഴിയുന്നതിനും അപ്പുറം ആണ് ..
അത് അവസാനിക്കുന്നില്ല,,,ഹജൂർ കച്ചേരി,വരാപ്പുഴയിലെ മിഷനറി പ്രവർത്തനങ്ങൾ,ചാവറ അച്ഛന്റെ സംഭാവനകൾ,അച്ചടി,ആലങ്ങാട്ടെ കരിയറ്റിൽ ഔസേപ്പ് മൽപ്പാണ് ,തിരു കൊച്ചിയിലെ പ്രധാനമന്ത്രി ആയിരുന്ന പറവൂർ ടി കെ നാരായണപിള്ള, കേസരി,പി കേശവദേവ്,സഹോദരൻ അയ്യപ്പൻ, എന്ന് തുടങ്ങി പറയാൻ  ഇനിയുമേറെ ,,,ഇനിയുമേറെ,,,

Comments

  1. മിക്കവയും പുതിയ അറിവുകളാണ്. നന്ദി

    ReplyDelete
    Replies
    1. നമ്മുടെ പറവൂർ ഒരു സംഭവമല്ലേ,,,

      Delete

Post a Comment

Popular posts from this blog

നിന്നിൽ ഉടഞ്ഞ ഞാൻ

വാക്കടയാളങ്ങൾ