വളഞ്ഞു നിവർന്ന അക്ഷരങ്ങൾ 


 അവസ്ഥകളെ അവസരങ്ങൾ ആക്കുന്ന മാന്ത്രിക പണിയിലാണ്. എവിടെയോ വെച്ച് എന്തൊക്കയോ നഷ്ടപ്പെട്ട് പോയതുപോലെ..
വല്ലാത്ത അവസ്ഥയാടോ ,
അക്ഷരങ്ങൾ ഇല്ലാത്ത ,ലൈബ്രറിയിലെ പഴയ മണമില്ലാത്ത ,സാഹിത്യ മാസികകളുടെ പുതുമണ മില്ലാത്ത,ചിന്തകൾ,ചർച്ചകൾ,സെമിനാറുകൾ,പച്ച മനുഷ്യർ ,തുറന്ന ഇടങ്ങൾ  ഇല്ലാത്ത വീർപ്പുമുട്ടലിന്റെ ഞെരുക്കങ്ങൾ .

"എന്ത് ഫിലോസഫി
എന്ത് ടെക്നോളജി
നമുക്ക് കുറുന്തോട്ടിയെ കുറിച്ചും
ചെമ്പരത്തിയെ കുറിച്ചും സംസാരിക്കാം "

എന്ന് പറഞ്ഞ സുഹൃത്തിന്റെ വാട്സാപ്പ്  സ്റ്റാറ്റസ് ഇരുത്തി ചിന്തിപ്പിച്ചത് കുറച്ചൊന്നുമല്ല .ഒരു പക്ഷെ വാക്കുകളില്ലാതെ ഞാൻ തപ്പിത്തടഞ്ഞതു അവൾ പൂർത്തിയാക്കിയത് പോലെ..
         അതെ... പറഞ്ഞു വരുന്നത് പുസ്തകങ്ങളുടെ മറിക്കൽ മണമില്ലാത്ത ,മുറിഞ്ഞു വീഴുന്ന കവിതകളില്ലാത്ത മടുപ്പിനെ കുറിച്ചാണ് .
മടുപ്പ് പിന്നീടു ഭാരമേറിയ ചിന്തകളായി കടന്നു വന്നു മുക്കി കൊല്ലുന്നു .വിഷാദമായി തിരിഞ്ഞു നിന്നു പടം പൊഴിക്കുന്നു .
ഇടയ്ക്ക് എപ്പോഴോ വല്ലാതെ വീണു പോയതാണ് .കരയ്ക്കു പിടിച്ചിട്ട ജലസർപ്പത്തെ പോലെ മണ്ണിൽ ഉരുണ്ടു പിടഞ്ഞു പോയതാണ് .പിന്നെ രണ്ടു വട്ടം നീട്ടി നന്നായൊന്നു ശ്വസിച്ചിട്ട് മടുപ്പിനും, വിഷാദത്തിനും  നല്ല മറുപടിയങ്ങു കൊടുത്തു .
ഇടയ്ക്കിടെ ക്ഷണിക്കാത്ത അതിഥിയായി വിരുന്നെത്തുന്ന ഭാരങ്ങളെ  നോക്കി പറഞ്ഞു
"പിടിച്ചു കുലുക്കി വീഴ്ത്തി കളയാമെന്നത്
നിന്റെ മിഥ്യാ ധാരണ മാത്രം .
ഒരു ഇലയനക്കം കൊണ്ട്
നീയെന്നെ മൂടാൻ കൊതിക്കുന്നെങ്കിൽ
അനക്കമേതുമറിയാത്ത
നാട്ട്യക്കാരിയായി
ഞാൻ
പകർന്നാടുക തന്നെ ചെയ്യും "
                (ദീപ്തിസൈരന്ധ്രി.ബ്ലോഗ്സ്പോട്ട്.കോം)

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ