അമ്മയെ ആവശ്യമുണ്ട്
....................

നുറുക്ക് കഷ്ണങ്ങൾ
വെന്തുടച്ചതിൽ
തേങ്ങയൊതുക്കിനൊപ്പം
തൈര് കട്ടയെക്കാൾ ,പുളി മാങ്ങ
ചേർതിളക്കിയാൽ
അവിയലിൽ  നാക്കുടക്കുമെന്നും..

നീലയമരിയും
നെല്ലിക്കാപ്പൊടിയും
ഒരു പിടി കയ്യുണ്ണ്യവും
ചേർന്ന കാച്ചെണ്ണക്ക്
ആന്റി ഡാൻഡ്രഫ്
ഷാംപൂവിന്റെ  ബലമുണ്ടെന്നും

ജലദോഷക്കാറ്റ് ഒന്നിതിലെ
പോകുന്നുന്നു കണ്ടാൽ
പാതി പാരസെറ്റമോളിനു പകരം
ചതച്ച ചുക്കിനും കുരുമുളകിനും
കൂട്ടായി ,
ഞെരടിയ പേരയില ചേർന്ന
കാപ്പി പകരാനും

റെഡി റ്റു മെയ്ക്  ദോശ മിക്സിന്
പകരം
തലേന്ന് വെള്ളത്തിലിട്ട
ഉഴുന്നിനും പച്ചരിക്കുമൊപ്പം
ചോറ് ചേർത്ത് പുളിപിച്ചാൽ
ഇരുമ്പു കല്ലിൽ
 മാവ് പരന്നിങ്ങനെ വിടർത്താനും

കുഴലിൽ തീപ്പൊരി പകർന്ന
എൽ പി ജി യെക്കാൾ
ഉണക്ക തെങ്ങു കൊത്തിൽ
വെന്തു തിളച്ച കറിയിൽ
എണ്ണ പൊന്തുമ്പോൾ
കര്യേപ്പില വിതറിയാൽ
വിളമ്പലിൽ നീ താരമാകുമെന്നും


വാളൻ പുളി നാരു കൂട്ടി
തേച്ചു മിനുക്കിയ ഓട്ടുവിളക്കിൽ
തിരി തെറുത്തു എള്ളെണ്ണ
നനച്ചു കത്തിച്ചാൽ
വൈകുന്നേരങ്ങൾക്ക്
സീരിയൽ എപ്പിസോഡുകളേക്കാൾ
രുചിയേറുമെന്നും ...
പറഞ്ഞു നീർത്താനൊരു അമ്മയെ വേണം 😏.

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ