അത്രമേൽ ചേർത്തു പിടിച്ച പ്രിയപാട്ടുകൾ







   

അത്രമേൽ ചേർത്തു  പിടിച്ച  പ്രിയപാട്ടുകൾ 
  


പലപ്പോളും  അഴിഞ്ഞുവീണ മനസ്സിനെ  കൈയ്യിലൊതുക്കാൻ  ആദ്യം  ചെന്ന്  പിടുത്തം  മുറുക്കുന്നത്  പാട്ടിലോ  പുസ്തകത്തിലോ  ആണ് . പാടാനറിയില്ലെങ്കിലും, സംഗീതത്തിന്റെ സാങ്കേതിക  വശങ്ങളെ  കുറിച്ച്  യാതൊരു  ധാരണയില്ലെങ്കിലും... അടുക്കളക്കൂട്ടായും , വായനകൂട്ടായും എപ്പോളും പാട്ട്  കൂടെ  ഉണ്ട്. അത്രമേൽ  അസ്വസ്ഥമാകുമ്പോൾ ആദ്യം  ചെന്ന് ഇഷ്ടപ്പെട്ട പാട്ട്  തപ്പി ഹെഡ് ഫോണെടുത്തു വയ്ക്കും....
ഇരച്ചു  പെയ്യുന്ന മഴയ്‌ക്കൊപ്പം , ഇരുട്ട് മുറുകുന്ന രാത്രിക്കൊപ്പം  അത്രമേൽ  പ്രിയകരമായ  പാട്ടിനോളം  ഒപ്പമെത്തില്ല  മറ്റൊന്നും .' ഗ്രാമഫോൺ ' സിനിമയിലെ എന്തെ  ഇന്നും  വന്നീലാ... എന്ന  ഗാനരംഗത്തിൽ  ഇരുട്ടിലെഴുതിയ വിഷാദ രാഗം  പോലെ ആട്ടക്കസേരയിൽ  ഇരുന്നാടുന്ന രേവതി എന്നും  മോഹിപ്പിച്ച സ്വപ്നമാണ് . ശബ്ദങ്ങളേതുമൊഴിഞ്ഞ... നിലാവും... മഴയും ചേർന്ന്   കവിതയെഴുതുന്ന രാത്രിയിലെ  പാട്ട്നേരങ്ങളോളം സുഖം  മറ്റൊന്നിനുമില്ല...... തീർച്ച....

  സിനിമാ ഗാനങ്ങൾ   മാത്രമല്ല.... പിടിച്ചുലയ്ക്കുന്ന  കവിതകളോടും പ്രണയമാണ് . ഹൃദ്യമായ  ഈണത്തിൽ  ചൊല്ലികേട്ട  കവിതകളിൽ   ഏറ്റവും  ഇഷ്ടം  തോന്നിയ  ഒന്നാണ്  റഫീഖ്  അഹമ്മദിന്റ  'അത്രയും '.
"🎵നിന്നോളം  നീറിയിട്ടില്ലൊരു  വേദന...,"🎵
ഹൃദയത്തിൽ  നിന്ന്  പറിച്ചു  വെച്ച
പോലെയുള്ള  കവിത..(. Link താഴെ ചേർക്കുന്നു)
 
 Kavitha "athrayum" by rafeeq ahammed ,സംഗീതം : കുക്കു വിനോദ് , ആലാപനം: ദിനി സുനിൽ, നിർമ്മാണം : OMS
from Snaptube
https://getsnap.link/E11oNtATaab

കഴിഞ്ഞ  ദിവസം  പാബ്ലോ  നെരൂദയുടെ "ഏറ്റവും  ദുഃഖഭരിതമായ  വരികൾ " കവിതയുടെ  .. ആലാപനം  ഒരു  സുഹൃത്ത്  അയച്ചു  തന്നു. ഒരു  കല്ല് കയറ്റിവെച്ച  വിങ്ങലായിരുന്നു... രണ്ടു  ദിവസത്തേക്ക്..
സുഗതകുമാരിയുടെ  'കൃഷ്ണാ  നീ എന്നെയറിയില്ല.... " പലരും  പാടി  കേട്ടിട്ടുണ്ടെങ്കിലും...കെ . എസ്. ചിത്രയുടെ ആലാപനത്തിനു വല്ലാത്തൊരു ഭാവം  ,   ജി. വേണുഗോപാലും  ശ്രേയ  ജയദീപും  ചേർന്ന്  പാടിയ  ' ഒരു തൈ  നടാം  ' കവിതയോടും   ഒത്തിരി  ഇഷ്ടം.

വല്ലാതെ  ആകർഷിച്ച  ഒരു  ഭക്തിഗാനത്തെ  പറ്റി  പറയാം ........
അപ്രതീക്ഷിതമായി  കടന്നു  വന്ന ഒരു  സംഭവവും  അതിനെ  തുടർന്നുണ്ടായ  കടുത്ത മാനസിക  പിരിമുറുക്കവും പിടി  മുറുക്കിയ  കാലം. പഴയ  കരച്ചിൽ നായികയുടെ റോളൊക്കെ  വിട്ടത് കൊണ്ട്  തന്നെ  ധൈര്യമായി  നേരിട്ടു."തീയിൽ  കുരുത്തതാ വെയിലിൽ  വാടില്ല " എന്ന  നാട്യവുമായി    ചിരിച്ചു നടന്നെങ്കിലും  ഉള്ള്   വിങ്ങി പൊള്ളുകയായിരുന്നു. ആരും  കാണാതെയെങ്കിലും  ഒന്ന്  കരഞ്ഞു തീർത്താൽ ചിലപ്പോൾ  ആശ്വാസം  കിട്ടും. പക്ഷെ   ഒരു  തരം  മരവിപ്പ് മാത്രം. ആ സ്ഥാപനത്തിനോട്  ചേർന്നുള്ള  മഠത്തിലെ  ചാപ്പലിൽ ധ്യാനം  നടക്കുന്നു. ഒന്നിലും ശ്രദ്ധിക്കാൻ  പറ്റാതെ, പ്രാർത്ഥിക്കാൻ പോലും  പറ്റാതെ നിർവികാരമായ  അവസ്ഥ.

"🎵ക്രൂശിതനെ... ഉത്ഥിതനെ...
മർത്യനെ  കാത്തിടണേ.....
എന്നെ  പൊതിഞ്ഞു  പിടിക്കണമേ.... "🎵

എന്ന്‌ പാടുന്നത് കേട്ടു.. വല്ലാത്തൊരു ആകർഷണം...
ഉള്ളിൽ പതഞ്ഞു വെന്തു  തിളച്ച  ലാവ ഊറിയൂറി  പതഞ്ഞൊഴുകാൻ  തുടങ്ങി...
കരച്ചിലടക്കാൻ  പറ്റാത്ത  കുഞ്ഞിനെ  പോലെ  പൊട്ടി പൊട്ടി മുഖം പൊത്തിയിരുന്നു കരഞ്ഞു.
സാരിത്തലപ്പും തൂവാലയും ചേർത്തു മുഖം പൊതിഞ്ഞിരുന്നു...

"🎵നിൻ ചിരിക്കും മുഖവും
വിരിച്ച  കരവും
മറക്കാൻ  പറഞ്ഞുവെല്ലാം..... "🎵

 എന്ന്‌  പാടുമ്പോളെക്കും നിലത്തു  വീണ്  പോകുമെന്ന്  തോന്നി. ജീവിതത്തിൽ  ആദ്യമായി  ദൈവം  വന്നു  അടുത്തിരുന്നു   പൊതിഞ്ഞു  പിടിക്കുന്നത്  പോലെ..
ഇന്നും  ഉള്ളു  കലങ്ങിയാൽ  ആദ്യം  തിരയുന്ന  പാട്ടുകളിൽ  ഒന്ന്.

Krooshithane udhithane
from Snaptube
https://getsnap.link/3W7JLFMxFvo


ഇനി  സിനിമാ  ഗാനങ്ങളിലേക്ക്.....
പഴയ  പാട്ടുകളോടാണ്  എന്നും  ഇഷ്ടം  .
പറയാൻ  ഏറെ  ഉണ്ട്  അവയിൽ  ചിലതും,
പാട്ടിനെ  കുറിച്ച് എഴുതാൻ  പലപ്പോളായി  എഴുതി  വെച്ച  കുറിപ്പുകളും ഇവിടെ  ഒന്നിച്ചു  ചേർക്കുന്നു.
"ദേശ്  ഒരു ഹിന്ദുസ്ഥാനി  രാഗം"  എന്ന  ടി പദ്മനാഭന്റെ  ചെറുകഥയോടെയാണ്  മലയാള  സിനിമയിലെ  ഹിന്ദുസ്ഥാനി  സംഗീതം  തേടി  പോയത്.   അതിൽ  ഏറ്റവും  പ്രിയപ്പെട്ടതാണ്  1967 ൽ പുറത്തു  വന്ന പരീക്ഷ  എന്ന  ചിത്രത്തിലെ
🎵പ്രാണസഖി  ഞാൻ  വെറുമൊരു  പാമരനാം പാട്ടുകാരൻ....(സിന്ധു ഭൈരവി )
🎵ഒരു പുഷ്പം  മാത്രമെൻ.... (ദേശ് )
🎵അവിടുന്നിന് ഗാനം  കേൾക്കാൻ.. (പഹാഡി )
🎵അന്ന്  നിന്റെ  നുണക്കുഴി (യമുന  കല്യാണി )

ബാബുക്കയുടെ  മാന്ത്രിക  സംഗീതം...
പറയാൻ  വാക്കുകളില്ലാത്ത  ഹിറ്റ്  ഗാനങ്ങൾ...

ടോം  ജെ  മങ്ങാട്ട്  എഡിറ്റ്  ചെയ്ത  മഴക്കാലം  - മഴയുടെ  രസവും  രഹസ്യങ്ങളും   എന്ന പുസ്തകത്തിൽ
മഴയുടെ  മേഘമൽഹാർ  എന്ന ലേഖനത്തിൽ  രവി  മേനോൻ
മഴ രാഗങ്ങളെ കുറിച്ച് വിസ്തരിക്കുന്നുണ്ട്.
"മിയാൻ  കി  മൽഹാറിന്റെ  ഭാവ  സൗന്ദര്യം  ആസ്വദിക്കാൻ  ഗുരുവായൂർ  കേശവനിൽ  ദേവരാജൻ  മാസ്റ്റർ  ഈണം  നൽകി , മാധുരി  പാടിയ
🎵ഇന്നെനിക്ക്  പൊട്ടു  കുത്താൻ .......🎵
കേൾക്കാൻ അദ്ദേഹം നിർദേശിക്കുന്നു.



എസ്. ജാനകി യുടെ  പാട്ടുകളോടും വല്ലാത്ത  അടുപ്പമാണ്.
🎵ഉണരൂ  വേഗം  നീ  സുമറാണി.
🎵സൂര്യകാന്തി.....
🎵നാഥാ  നീ  വരും  കാലൊച്ച കേൾക്കുവാൻ
🎵മലർ  കൊടി പോലെ
🎵ഉണ്ണിയാരാരിരോ.....
🎵ലോകം  മുഴുവൻ  സുഖം  പകരാനായി....
ദേശാഭിമാനി  വാരികയിൽ  ജ്ഞാനപ്പല്ല്  എന്ന  പംക്തിയിൽ  എസ്.ശാരദക്കുട്ടി  ജാനകിയമ്മയെ ഇപ്രകാരം  രേഖപ്പെടുത്തിയിരിക്കുന്നു.

"അവർ  നൂറു ജന്മങ്ങൾക്കുള്ളത്  പാടി  തീർത്തു. പാട്ടവസാനിക്കുകയാണ്  എന്ന്‌, അവ്വയാറിനെയും, അക്കമഹാദേവിയെയും ഓർമിപ്പിക്കുന്ന  നിർമമതയോടെ കൈകൂപ്പി  പറയുന്ന അവരുടെ  മുഖം മനസ്സിൽ  വരുമ്പോൾ
" അശ്രു  നീരിനാൽ  കഴുകീടട്ടെ  ഹൃദയം  ഞാൻ... "
എന്ന  വൈലോപ്പിള്ളി കവിത  പറയാൻ  തോന്നുന്നു....എന്ന്.


അർജുനൻ  മാസ്റ്ററുടെ,  ബ്രഹ്മാനന്ദൻ പാടിയ
🎵"നീല  നിശീഥിനീ.... നിൻ  മണി  മേടയിൽ..."🎵
(CID നസീർ )
വല്ലാത്ത  ഗാനമാണ്. ഗാനരംഗത്തിൽ  വിഷാദ കാമുകന്റെ  രൂപ  ഭാവങ്ങളുമായി    ദാസ് (ഉമ്മർ )ലൗലി  എന്ന  കാമുകിയെ  ഓർത്തു  പാതിരായിൽ  പാടുന്നു...
അവൾ  വിശ്വസ്തയായിരുന്നു  എന്ന  ചിത്രത്തിൽ  വാണി ജയറാം  പാടിയ
🎵തിരയും  തീരവും  ചുംബിച്ചുറങ്ങി......🎵
സോമനും  പദ്മിനിയും  ചേർന്ന്  പ്രണയ  നിര്ഭരമാക്കുന്നു.
പുഴ  എന്ന  ചിത്രത്തിൽ  ദാസേട്ടൻ  പാടിയ
🎵അനുവാദമില്ലാതെ  അകത്തു  വന്നു...🎵
ഒരു  ദിവസത്തിൽ തന്നെ   ആവർത്തിച്ച്  കേൾക്കാൻ  ഇഷ്ടപെടുന്ന  ഗാനങ്ങളിൽ  ഒന്നാണ്.

യുഗ്മ  ഗാനങ്ങളായ 🎵ചന്ദ്രികയിൽ  അലിയുന്നു  ചന്ദ്രകാന്തം.. (ഭാര്യമാർ  സൂക്ഷിക്കുക )
🎵അഷ്ടമുടി  കായലിലെ (മണവാട്ടി )
🎵ഏഴിലം  പാല  പൂത്തു.. (കാട് )
🎵ശരദിന്ദു മലർദീപ നാളം നീട്ടി (ഉൾക്കടൽ )
ഏറെ  ഇഷ്ടപെട്ട  ഗാനങ്ങളിൽ  ചിലതാണ്.

ഒരിക്കൽ  പാട്ടിനെ  തപ്പി  പോയ  വഴിയിൽ  ഉണ്ടായ എന്റെ  സംശയത്തിന്  ഉത്തരം  തന്നത്  "പെൺകവിത  മലയാളത്തിൽ"എന്ന  പുസ്തകത്തിൽ  ഡോ. ഷീബ ദിവാകരൻ  ആണ്.
മറ്റേത്  മേഖലയിലേതു  പോലെ പുരുഷന്റെ  വിഹാര  രംഗമാണ്  സിനിമ. പാട്ടിന്റെ  മേഖലയിൽ  ഒരുപാട്  ഗായികമാർ  ആദ്യം  മുതലേ തിളങ്ങി  നിന്നു. പി. ലീല, എസ്. ജാനകി,പി  സുശീല, വാണി  ജയറാം, ബി. വസന്ത, മാധുരി, ശാന്ത പി നായർ, ജിക്കി, മച്ചാട്ട്  വാസന്തി, എ. പി  കോമള, കവിയൂർ  രേവമ്മ, എൽ. ആർ. ഈശ്വരി  തുടങ്ങി  പിന്നണി  ഗാനരംഗത്തു ധാരാളം  പേർ.
എന്നാൽ  എന്ത്  കൊണ്ട്  ഗാന  രചനയിലും, സംഗീത  സംവിധാനത്തിലും  സ്ത്രീകൾക്ക്  പ്രാതിനിധ്യം  കിട്ടിയില്ല?
നാമ  മാത്രമായ  പാട്ടെഴുത്തുകാരികളെ  കുറിച്ച്  അവർ രേഖപെടുത്തുന്നുണ്ട്.
1968 ൽ  പുറത്തിറങ്ങിയ  രാഗിണി എന്ന  ചിത്രത്തോടെ  വന്ന ലത  വൈക്കം ആണ്  ആദ്യ  പെൺസാന്നിധ്യം. ഒ. വി  ഉഷ
🎵ആരുടെ  മനസ്സിലെ  ഗാനമായി  ഞാൻ...🎵.(ഇൻക്വിലാബ്  സിന്ദാബാദ് )
🎵ആരാദ്യം പറയും.. (മഴ ),,
ശശികല  മേനോൻ (സിന്ദൂരം, അഗ്നിനക്ഷത്രം,.വയനാടൻ  തമ്പാൻ, താരാട്ട്, തുടങ്ങിയ  സിനിമകൾ ).
ഈ മേഖലയിൽ തിളങ്ങിയ  മാലതി  നായർ, മറിയാമ്മ  ഫിലിപ്പ്, മാവേലിക്കര  ദേവയമ്മ, സുമംഗല, ആശ  മുരളീധരൻ, ബി. ശ്രീരേഖ, പദ്മജ  രാധാകൃഷ്ണൻ തുടങ്ങിയ  പേരുകൾ  മാത്രമേ 2014 ഇൽ  ഇറങ്ങിയ  പഠനത്തിൽ  ഉള്ളൂ.. സുഗതകുമാരിയു ടേയും  ബാലാമണിയമ്മയുടെയും കവിതകളും  സിനിമാ  ഗാനങ്ങളായിട്ടുണ്ട്.

 പറഞ്ഞു  നിർത്താൻ  കഴിയാത്ത  വിധം  പ്രിയപ്പെട്ട പാട്ടുകൾ  പിന്നെയും  പിന്നെയും ഓടിയെത്തുന്നു.........







Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ