തോട്ടിലെപ്പോഴും പരലുകളായിരുന്നു.

 തോട്ടിലെപ്പോഴും പരലുകളായിരുന്നു. 

..............   ...................   ................. 

കുളത്തിൽ നിന്നും നീട്ടി വലിച്ച ജലരേഖ
ഉറ്റവരെ തേടി പലവഴിക്ക്
പിരിഞ്ഞത് പോലെ,
ചെറുചാലുകളുള്ള തോട്
പരലുകളേയും കൊണ്ട് ഇന്നലേയും 
സ്വപ്നത്തിലെത്തിയിരുന്നു. 
പണ്ട് 
തെങ്ങ്പാലം പേടിപ്പിച്ചകറ്റിയപ്പോൾ,  
കുത്തിയൊഴുക്കില്ലാതെ
തെളിഞ്ഞ വെള്ളമണലിനിടയിൽ
അപ്പുറം കടക്കലുകളിൽ
കാലുരച്ചുകളിക്കാൻ
പൂഴിയിൽപൂണ്ട സ്നേഹകല്ല്
തോട് സൂക്ഷിച്ചുവച്ചു. 
പിന്നെ 
തോട്ട് വക്കിലെ കുമ്പളച്ചോട് നനപ്പിനിടയിൽ
പലതവണ മൺകുടം പൊട്ടിച്ച കുട്ടി
കളിയിൽ നിന്ന് പുറത്താക്കപ്പെട്ട്
പറങ്കിമാവിൻ്റെ ചോട്ടിൽ 
പിണങ്ങിയിരുന്നപ്പോളും 
തോട്ടിൽ നിറയെ  
സ്നേഹപ്പരലുകളായിരുന്നു.

ഊത്തല് നിറയുമ്പോൾ
രാത്രി 
ചൂട്ടനക്കങ്ങളിൽ
ഉടക്കുവലകളിൽ, വട്ടവലകളിൽ
വെട്ടിപ്പിടുത്തങ്ങളിൽ
തോട് ,
അതിൻ്റെ പരലുകളേയും കൊണ്ട്
ഒളിച്ചിരിക്കാൻ
കൊതിച്ചിട്ടുണ്ടാകണം.

വലയുടെ രണ്ടറ്റവും 
കോലിൽ കുത്തിനിർത്തി 
ഒഴുക്ക് വെള്ളത്തിൽ 
കുടപ്പുളിയും, തേങ്ങയും 
പിടിച്ചെടുത്തപ്പോളും 
കുടത്തിൽ ഞവണിക്കാ പെറുക്കി
കൊഴുപ്പ ചീരയും കൈക്കലാക്കി 
വരുമ്പോൾ 
പത്തല് വേലിയിലെ പാമ്പ്പടം കണ്ട് 
ഓടി തോട്ടിലൊളിച്ചപ്പോഴും
ആഞ്ഞിലി വേരിൻ്റെ നടുവിലിരുന്ന്
കുർത്ത ചരലിൽ
കാൽ ചേർത്ത് തണുപ്പിച്ചപ്പോഴും
തോട്ടിൽ നിറയെ പരലുകളായിരുന്നു.

ചാമ്പമരങ്ങൾക്കും ,കൊക്കോച്ചെടികൾക്കുമപ്പുറം
പൂഴിവിരിച്ച 
ഇഷ്ടികപ്പാലത്തിൽനിന്ന് നോക്കിയാൽ
ചോന്ന നൂൽപ്പുക്കൾക്കിടയിൽ
അവിടവിടായി
പരൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. 
ചുംബിക്കാൻ കാലുകളെ അത് 
നീട്ടി വിളിക്കുന്നുണ്ടായിരുന്നു
അളിഞ്ഞു തുടങ്ങിയ
ഇലക്കൂട്ടങ്ങൾക്കിടയിൽ 
പരലും തോടും
അതിന്റെ ജീവനെ കൊതിക്കുന്നുണ്ടായിരുന്നു. 


Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ