ഉയിർപ്പ്

 നിങ്ങളെന്നിൽ മുളപ്പിച്ചത് 

................................


ഒരിലയനക്കം

അതിന്റെ

അടയാത്ത തുറവിയിലേക്ക് 

എന്നെ തള്ളിയിടുമെന്നു 

അറിഞ്ഞത് കൊണ്ടാകാം 

നീയടക്കം 

മനുഷ്യരൊക്കെ 

മരവിച്ച കാടായി മാറുന്നത്. 

ചാരം..

 അതിന്റെ 

അവസാന പുകയനക്കത്തെ  

കാറ്റ്കൊണ്ട് 

എന്നെ  

ഉരുളുന്ന തീപ്പന്തമാക്കുമെന്ന  

പേടിയാകാം 

നിങ്ങളെ 

വെണ്ണീറ് തണുപ്പിക്കുന്ന

മഴയാക്കിയത്. 

ഉറച്ച മൂളക്കങ്ങൾ 

നിന്റെ ഉറക്കം കെടുത്തിയതാകാം 

പറക്കം നഷ്ടപെട്ട

മഴപ്പാറ്റ ചിറകുകളെന്നു

നിങ്ങളെന്നോട്  

ഉരുവിട്ട് മത്സരിക്കുന്നത്.. 

വെട്ടിയൊതുക്കുന്തോറും 

മുളപ്പ് നുള്ളിയെടുത്ത് 

കരിച്ച നാമ്പാക്കുന്തോറും

അവശേഷിക്കുന്ന 

ഒരു കിളിർപ്പ് 

അതിന്റെ 

ഒടുവിലത്തെ 

ആകാശത്തെ തേടിക്കൊണ്ടേയിരിക്കും.

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ