ആൺപേടി


ആൺപേടി 

.....................

                ദീപ്തി സൈരന്ധ്രി 


അമ്മൂനൊരു കടലുണ്ട് 

പലതരം പേടികളുടെ കടല്. 

അതിൽ ഒന്നാം പേടി 

ആൺപേടി. 

മിനുസമില്ലാത്ത 

വീർത്ത കവിളോ  

കട്ടിയില്ലാത്ത മീശയോ , 

നീളമില്ലാത്ത, ഉരുണ്ട ഉടലോ , 

നീളൻ  കണ്ണുകളോ 

എവിടെ കണ്ടാലും

ആരിൽ കണ്ടാലും

അമ്മു പുറന്തോട് നീർത്തി  ഒളിച്ചിരിക്കും. 

കടൽ പാലത്തിൽ കയറി നിന്നാലും 

വൃത്തികെട്ട ആ ചൂര്, 

'ആൺചൂര്'

അമ്മുവിനെ പൊതിയും.

ഉപ്പുവെള്ളത്തിൽ കഴുകിയാലും 

ചൂടുവെള്ളത്തിൽ തിരുമ്പിയാലും 

വെയില് കൊണ്ടാലുമൊന്നും

പോകാത്തത് 

എന്ന് അമ്മുവിന് മാത്രം 

നന്നായറിയാം.

ഉറക്കപ്പായ, 

മുരട്ട് കൂർക്കം വലി,   

ഇരുട്ട് മുറി, 

അടഞ്ഞ വാതിൽ, 

രോമമിളകാത്ത

പന്നിയിറച്ചി, 

കിരുകിരെ ഒച്ചയുണ്ടാക്കുന്ന 

സ്കൂട്ടർ,

'ബെവ്കോ' ബോർഡുകൾ 

മൂർച്ചയുള്ള പിച്ചാത്തിക്കയ്യൻ 

എല്ലാംകൂടി  അമ്മുവിനെ  

സ്വപ്നങ്ങളിൽ പേടിപ്പിച്ചു. 

ആരെങ്കിലും വന്നാൽ 

കുളിമുറിയിൽ പോയി 

വെറുതേ വെറുതേ 

വെള്ളം കോരിക്കോരി നനയണം.

ഇന്ന് വന്നുള്ളൂവെന്നും

രാവിലെ പോകുമെന്നും 

പറഞ്ഞ് കൊണ്ടേയിരിക്കണം.  

ചിലപ്പോൾ മിണ്ടാതിരിക്കണം.  

നട്ടുച്ചവെയിലിൽ പോയിനിൽക്കണം. 

തിരിച്ചുവന്നിട്ടുണ്ടെന്ന് 

ആരുമറിയരുതെന്നാണ് കരാറ്. 

പക്ഷെ

പാമ്പ്‌കടി കൊണ്ട് 

മറ്റൊരമ്മു മരിച്ച ദിവസം 

കരാർ തെറ്റിക്കപ്പെട്ട ദേഷ്യത്തിൽ  

അമ്മുവും പുറത്താക്കപ്പെട്ടു.

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ

വാക്കടയാളങ്ങൾ