Arogyanikethanam Novel Review
ആരോഗ്യ നികേതനം
-താരാശങ്കർ ബന്ദോപാദ്ധ്യായ
“ അച്ഛൻ പറഞ്ഞിരുന്നു ഏത് രോഗിയെ കണ്ടാലും യാതൊരു കാരണവശാലും ദേഷ്യമോ വെറുപ്പോ തോന്നരുത്. തോന്നാൻ പാടില്ല. മനുഷ്യന് എന്ത് ചെയ്യാൻ കഴിയും? അവൻ ഒരു കളിപ്പാവ മാത്രമാണ് “
-ആരോഗ്യ നികേതനം
ഇന്ത്യൻ നോവൽ സാഹിത്യത്തിലെ മികച്ച ആദ്യ അഞ്ചു നോവലുകൾ എടുത്താൽ അതിലൊന്ന് ആരോഗ്യനികേതനം ആയിരിക്കും.രവീന്ദ്ര സമ്മാനവും കേന്ദ്ര സാഹിത്യം അക്കാദമി അവർഡും ലഭിച്ച നോവലാണ് ആരോഗ്യനികേതനം.1953 ലാണ് പ്രസിദ്ധീകരിക്കുന്നത് .
ബംഗാളിലെ കൽക്കത്തയിലെ ദേവീപുരം ഗ്രാമം .മരണത്തെ പ്രവചിക്കുന്ന ,ആയുസ്സിന്റെ ദൈർഘ്യം കൃത്യമായി വിലയിരുത്തുന്ന ജീവൻ മശായി എന്ന വൈദ്യൻ .മശായി എന്നാൽ ഡോക്ടർ എന്നാണ് അർഥം .ആരോഗ്യനികേതനം എന്ന ചികിത്സാലയവും അവിടത്തെ നാഡീ പരിശോധകനായ ജീവൻ മശായി എന്ന വൈദ്യനും രോഗികളും തമ്മിലുള്ള സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും കഥയാണ് താരാശങ്കർ ബന്ദോപാദ്ധ്യായയുടെ ആരോഗ്യനികേതനം എന്ന നോവൽ .നോവലിന്റെ തുടക്കത്തിൽ ജീവൻ മശായി അലോപ്പതി ചികിത്സ പഠിക്കാൻ പോയെങ്കിലും ചില കാരണങ്ങളാൽ അത് ഉപേക്ഷിച്ച് തിരിച്ചുപോരേണ്ടി വരുന്നു .പിന്നീട് തങ്ങളുടെ കുടുംബത്തിന് പാരമ്പര്യമായി കിട്ടിയ നാഡീപരിശോധന അഭ്യസിക്കുകയായിരുന്നു .നാഡീ പരിശോധനയാണ് അഭ്യസിക്കുന്നതെങ്കിലും ആധുനിക ചികിത്സാസമ്പ്രദായവും അദ്ദേഹം ഉപയോഗിക്കുന്നുണ്ട് .തന്റെ ചികിത്സാ രംഗത്ത് അഗ്രഗണ്യനാണെങ്കിലും ആധുനിക ചികിത്സാരീതികളും ,ചികിത്സാവിധികളും അദ്ദേഹത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്.സ്വന്തം ചികിത്സയ്ക്ക് അതീതമായി തോന്നുന്ന അസുഖങ്ങൾ ആണെങ്കിൽ അവരെ ആധുനിക ഡോക്ടർമാരുടെ അടുത്തേക്ക് പറഞ്ഞു വിടാനും ജീവൻമശായി മടി കാണിക്കുന്നില്ല .പക്ഷെ ജീവൻ മശായിയുടെ മരണ പ്രവചനത്തിനു എതിരെ ആധുനിക ഡോക്ടർമാർ ഒരുമിക്കുന്നു .ജീവൻ മശായിയുടെ ചികിത്സാ രീതികൾക്ക് ശാസ്ത്രീയ പിൻബലം ഇല്ല എന്ന് അവർ ആരോപിക്കുന്നു .പക്ഷെ പിന്നീട് അവരിൽ പലരും ജീവൻ മശായിയെ ആശ്രയിക്കുന്ന കാഴ്ചയാണ് നോവലിൽ കാണുന്നത്.ജീവന്റെയും മരണത്തിന്റെയും രഹസ്യങ്ങൾ തേടുകയും രണ്ട് വൈദ്യ വ്യവസ്ഥകൾ തമ്മിലുള്ള സംഘർഷഭരിതമായ മുഖം ചിത്രീകരിക്കുകയും ചെയ്യുന്ന നോവൽ കൂടിയാണ് ആരോഗ്യനികേതനം .ദേവീപുരം ഗ്രാമത്തിൽ ആയുർവേദ ചികിത്സയ്ക്ക് നല്ല പ്രചാരം ഉണ്ടായിരുന്നു.പക്ഷെ ആധുനിക വൈദ്യത്തിലേക്ക് പിന്നീട് ആളുകൾ ആകൃഷ്ടരാകാൻ തുടങ്ങി .പ്രദ്യോത് എന്ന യുവ ഡോക്ടർ ദേവീപുരത്ത് ചികിത്സ തുടങ്ങുന്നതോടെയാണ് ആയുർവേദവും അലോപ്പതിയും തമ്മിലുള്ള സംഘട്ടനം ആരംഭിക്കുന്നത്.ആയുർവേദത്തെ ആദ്യം അവജ്ഞയോടെ വീക്ഷിച്ചിരുന്ന പ്രദ്യോത് ഒടുവിൽ തന്റെ നിലപാട് മാറ്റുന്നുണ്ട് .അദ്ദേഹത്തിന്റെ ഭാര്യയെ ബാധിച്ച കഠിന ജ്വരത്തിന്റെ ചികിത്സയിൽ മശായിയുടെ അറിവ് പ്രയോജനപ്പെടുത്തുന്നുണ്ട് .'എന്താണ് മൃത്യു 'എന്ന ചോദ്യം അധൃഷ്യഗംഭീരമായ മുഴക്കത്തോടെ ഉണർത്തുന്ന രചന എന്ന് മലയാളത്തിലെ സാഹിത്യചിന്തകനും പത്രപ്രവർത്തകനുമായ പി.കെ ഗോപാലകൃഷ്‌ണൻ വിശേഷിപ്പിക്കുന്നുണ്ട് .ആരോഗ്യനികേതനത്തിന്റെ കഥ അതെ പേരിൽ ബിജേയ് ബോസ് 1969 ൽ ഒരു ബംഗാളി ചലച്ചിത്രത്തിലും ആവിഷ്കരിക്കപ്പെടുന്നുണ്ട്.
ജീവന്റെയും മരണത്തതിന്റെയും സംഘർഷങ്ങൾ അവതരിപ്പിക്കുന്ന ഈ നോവൽ രണ്ട് വൈദ്യ വ്യവസ്ഥകൾ തമ്മിലുള്ള സംഘട്ടനം മാത്രമല്ല സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഉൾനാടൻ ബംഗാൾ ഗ്രാമത്തിന്റെ കഥ കൂടിയാണ്.ജീവിതത്തെ കുറിച്ചും, മരണത്തെ കുറിച്ചും, രോഗത്തെ കുറിച്ചും, ചികിത്സയെ കുറിച്ചും വളരെ മനോഹരമായി അവതരിപ്പിക്കുന്ന നോവലാണിത്.
Comments
Post a Comment