P N panicker

പി.എൻ പണിക്കർ- മലയാളത്തിന്റെ അക്ഷരവസന്തം "കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമാണ് ഗ്രന്ഥശാലാ സംഘം. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും വേരോടി വളർന്നിരിക്കുന്ന സുശക്തമായ സാംസ്കാരിക പ്രസ്ഥാനമാണിത് .കേരളത്തിന്റെ സാംസ്കാരിക പുരോഗതികൾക്കായി ഗ്രന്ഥശാലാ സംഘം ചെയ്ത സേവനങ്ങൾ എല്ലാ വിധത്തിലും അഭിനന്ദനീയമാണ് .പുസ്തക വിതരണം,പുസ്തക സംഭരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ,ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ .സാക്ഷരതാ പദ്ധതിയിലൂടെ നിരക്ഷരരായ സാധാരണ തൊഴിലാളികളേയും കർഷകരേയും സാക്ഷരരാക്കുന്നതിൽ ഗ്രന്ഥശാലാ പ്രസ്ഥാനം വഹിച്ച പങ്ക് വളരെ വലുതാണ് .ജനങ്ങളുടെ വായനാശീലം വളർത്തുന്നതിൽ ക്രിയാത്മകമായ പല പദ്ധതികളും പരിപാടികളും സംഘം നടപ്പിലാക്കിയിട്ടുണ്ട് .'ഗ്രന്ഥാലോകം 'മാസികയും വളരെ മികച്ച രീതിയിൽ തന്നെ സംഘം പ്രസിദ്ധീകരിക്കുന്നു." *2 കേരളത്തിന്റെ പൊതുമണ്ഡലത്തിന്റെ രൂപീകരണത്തിൽ ഗ്രന്ഥശാലാപ്രസ്ഥാനം വഹിച്ച പങ്ക് വളരെ നിസ്സീമമാണ് കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ -സാംസ്കാരിക പ്രസ്ഥാനമാണ് ഗ്രന്ഥശാലാ സംഘം .അതിനു നേതൃത്വം കൊടുത്തതാകട്ടെ പി.എൻ പണിക്കർ എന്ന ധിഷണാശാലിയും . 1926-ൽ തന്റെ നാടായ ആലപ്പുഴയിൽ ,വീടുകൾ തോറും കയറിയിറങ്ങി 'സനാതന ധർമ്മം' എന്ന പേരിൽ പി .എൻ പണിക്കർ ,വായനശാല ആരംഭിക്കുവാനുള്ള പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങി.ധനസമാഹരണത്തിനും പുസ്തക സമാഹരണത്തിനുമായി പലരേയും സമീപിച്ചപ്പോൾ പലരും സന്തോഷത്തോടെ സഹായങ്ങൾ നൽകി.എന്നാൽ അമ്പലപ്പുഴ മുൻസിഫായിരുന്ന ശങ്കരമാരാർ ,പരിഹസിച്ചുകൊണ്ട് പണിക്കരോട് പറഞ്ഞു : "അമ്പലപ്പുഴയിൽ ഒരു വായനശാല ആറുമാസം പ്രവർത്തിച്ചാൽ പണിക്കർക്ക് ഞാനൊരു സ്വർണ്ണമോതിരം സമ്മാനമായി നൽകും. " പക്ഷെ ശങ്കരമാരാരുടെ പരിഹാസം വെറുതെയായി .പി .എൻ പണിക്കർ ,വായനശാലയെ വിജയിപ്പിച്ചു കാണിച്ചതുകൊണ്ടു തന്നെ സ്വർണ്ണമോതിര നഷ്ടം ശങ്കരമാരാർക്കായിരുന്നു . ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ പണിക്കരുടെ പ്രവർത്തനങ്ങൾക്ക് സമാന്തരമായി നടന്ന ശ്രമങ്ങളെ വിസ്മരിക്കുവാനാകുന്നതല്ല .1926 -ൽ പണിക്കർ, 'സനാതന ധർമ്മം' വായനശാല സ്ഥാപിച്ച വർഷം തന്നെയാണ് നെയ്യാറ്റിൻകര ജ്ഞാനദായിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തുനിൽ പ്രൊ.സി.വി ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ നടന്ന ഒന്നാം തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനത്തിന് അന്നത്തെ ഭരണാധികാരി ശ്രീമൂലം തിരുനാൾ അംഗീകാരം നൽകുന്നത് . 1934 ലാണ് ശ്രീ ചിത്തിരത്തിരുനാൾ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ രണ്ടാം ഗ്രന്ഥശാലാ സമ്മേളനം ചേരുന്നത് .ഈ സമ്മേളനത്തിലാണ് തിരുവിതാംകൂറിലെ ഗ്രന്ഥശാലകൾ യോജിപ്പിച്ചുകൊണ്ടുള്ള പ്രസ്ഥാനത്തിന് രൂപം കൈവന്നത് .1938-ൽ ‘ദിവാൻ നാണുപിള്ള സ്മാരക ഗ്രന്ഥശാല’യിൽ മല്ലൂർ ഗോവിന്ദപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന മൂന്നാം ഗ്രന്ഥശാലാ സമ്മേളനത്തിൽ സർക്കാരിന് സമർപ്പിക്കാൻ പല പ്രമേയങ്ങളും അവതരിപ്പിക്കപ്പെട്ടെങ്കിലും സംഘടിതമായ ഒരു ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുവാൻ സാധിച്ചില്ല . 1934-ൽ 'ഗ്രന്ഥശാലകൾക്ക് ഒരു പൊതുവേദി ' എന്ന ആശയത്തിൽ ,സാഹിത്യ പഞ്ചാനനൻ പി.കെ നാരായണപിള്ളയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചു .അങ്ങനെ പി.കെ നാരായണപിള്ളയുടെ പേരിൽ ‘പി.കെ വിലാസം വായനശാല’ അമ്പലപ്പുഴയിൽ രൂപം കൊണ്ടു .എന്നാൽ ആറുമാസത്തിനകം തന്നെ പ്രവർത്തനം നിർത്തേണ്ടിവന്നു .ഈ സാഹചര്യത്തിലാണ് നീലംപേരൂർകാരനായ പി .എൻ പണിക്കർ അമ്പലപ്പുഴ കിഴക്കേ നടയിലുള്ള പ്രൈമറി സ്കൂളിൽ അധ്യാപകനായി എത്തുന്നത്. പി.കെ വിലാസം പുനഃസംഘടിപ്പിച്ചുകൊണ്ട് പണിക്കർ ഗ്രന്ഥശാലാരംഗത്ത് സജീവമായി .അങ്ങനെ ഗ്രന്ഥശാലകൾക്ക് ഒരു സംഘടിത രൂപമുണ്ടാക്കാൻ അദ്ദേഹം യത്നിച്ചു.’പി.കെ മെമ്മോറിയൽ ഗ്രന്ഥശാല’യിൽ അദ്ദേഹം വിളിച്ചുചേർത്ത യോഗമാണ് ‘തിരുവിതാംകൂർ ഗ്രന്ഥശാല സംഘ’മായി അംഗീകാരം നേടിയത് .1946 മുതൽ പ്രവർത്തനഗ്രാന്റായി വായനശാലയ്ക്ക് ഇരുന്നൂറ്റിയൻപത് രൂപ ലഭിക്കുകയും ചെയ്തു .സ്വാതന്ത്ര്യ സമര സേനാനിയും സംസ്‌കാരിക പ്രവർത്തകനുമായ കെ .കുഞ്ചു പിള്ളയേയും ,കുറച്ച് ചെറുപ്പക്കാരേയും സംഘടിപ്പിച്ചാണ് പി.കെ വിലാസം വായനശാല പി.എൻ പണിക്കർ സ്ഥാപിക്കുന്നത് ,സ്ഥാപക സെക്രട്ടറിയും ചുമതലക്കാരനും പണിക്കരും,പി. മാധവക്കുറുപ്പ് പ്രസിഡന്റുമായിരുന്നു .1938 ൽ സാഹിത്യപഞ്ചാനനൻ മരിച്ചതിനെ തുടർന്ന് പി.കെ 'മെമ്മോറിയൽ' ഗ്രന്ഥശാലയെന്നു പുനർനാമകരണം ചെയ്യപ്പെട്ടു .കേരളത്തിന്റെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നെടുനായകത്വം പി .കെ മെമ്മോറിയൽ ഗ്രന്ഥശാല വഹിക്കണമെന്ന ആഗ്രഹത്തിന്റെ ഫലമായി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പടിഞ്ഞാറേ നട ,സാഹിത്യ പഞ്ചാനനൻ തിയേറ്ററിൽ,പണിക്കർ അഖില തിരുവിതാംകൂർ സമ്മേളനം വിളിച്ച് ചേർത്തു . കേരളത്തിലെ പൊതുഗ്രന്ഥശാലാ പ്രസ്ഥാനത്തിലേക്കുള്ള വഴിതുറക്കലായിരുന്നു ഈ സമ്മേളനം .1945 മുതൽ മുപ്പത്തിരണ്ട് വർഷം പണിക്കർ ഗ്രന്ഥശാല സംഘത്തിന്റെ അമരക്കാരനായി തുടർന്നു .1970 നവംബർ ,ഡിസംബർ മാസങ്ങളിൽ തിരുവനന്തപുരം പാറശാല മുതൽ കാസർഗോഡ് വരെ 'വായിച്ച് വളരുക ചിന്തിച്ച്‌ വിവേകം നേടുക' എന്ന മുദ്രാവാക്യത്തോടെ പി.എൻ പണിക്കരുടെ നേതൃത്തത്തിൽ നടന്ന കാൽനട ജാഥ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ പ്രധാന സംഭവമാണ് . ഗ്രാമീണ വായനശാലകൾ സ്ഥാപിക്കുന്നതിനും വായനാശീലം പ്രചരിപ്പിക്കുന്നതിനും ഗ്രന്ഥശാല പ്രസ്ഥാനം നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനീയർഹമാണ് .നിരക്ഷരതയെ ചെറുക്കുന്നതിനും ,വായനാശീലം പ്രചരിപ്പിക്കുന്നതിനുമായി നിശാപാഠശാലകൾ സംഘടിപ്പിച്ചു .ഓരോ പഞ്ചായത്ത് വാർഡിലും സ്വന്തമായി കെട്ടിടം,പുസ്തകങ്ങളുടെ നല്ല ശേഖരം ,റേഡിയോ ,ടെലിവിഷൻ ,സ്പോർട്സ് ക്ലബ് ,ആർട്സ് ക്ലബ് വനിതാ വിഭാഗം ,കുട്ടികളുടെ വിഭാഗം എന്നിവ ആരംഭിച്ചു .വിദേശത്ത് പോലും ഗ്രന്ഥശാല പ്രസ്ഥാനം വലിയ പ്രശംസകൾ ഏറ്റുവാങ്ങി .എഴുപതിൽ ഗ്രന്ഥശാലാ സംഘം ഇരുപത്തയഞ്ചാം വാർഷികം ആഘോഷിച്ചപ്പോൾ ഒരു വായനാ സർവ്വേ നടത്തി .തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് പോലും എൺപത് ശതമാനത്തിലധികം നിരക്ഷരരുള്ളതായി കണ്ടെത്തി .'വായിച്ച് വളരുക 'എന്ന മുദ്രാവാക്യം അപ്പോഴേക്കും ജനപ്രിയമായിക്കഴിഞ്ഞിരുന്നു .അത്,'സാക്ഷരതാ നേടുക ,ശക്തിപ്പെടുത്തുക' എന്നാക്കി മാറ്റി.മൂവായിരത്തിയഞ്ഞൂറ് ലൈബ്രറികളോട് ചേർന്നുള്ള ,ആറ് കേന്ദ്രങ്ങളിൽ ആറ്‌ മാസത്തെ രണ്ട് കോഴ്സ് ആരംഭിക്കുന്നത്തിന് പദ്ധതി സമർപ്പിച്ചെങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ ഇരുപത് കേന്ദ്രങ്ങൾക്ക് മാത്രമാണ് അനുമതി ലഭിച്ചത് .കേരള ഗ്രന്ഥശാലാസംഘം സാക്ഷരതയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും നൽകിയ സംഭാവനകൾക്ക് അയ്യായിരം യു.എസ് ഡോളറിന്റെ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടു.1977ൽ കേരള ഗ്രന്ഥശാല സംഘം സർക്കാർ ഏറ്റെടുക്കുന്നത് വരെ അതിന്റെ പ്രവർത്തനങ്ങൾ തുടർന്നു . പ്രത്യേക നിയമത്തിലൂടെ സംഘത്തിന്റെ ഭരണച്ചുമതല സർക്കാർ ഏറ്റെടുത്തു .തുടർന്ന് പ്രവർത്തനം നിർജ്ജീവമായെങ്കിലും1989- ൽ കേരള നിയമസഭ പാസാക്കിയ ആക്ട് പ്രകാരം ഗവണ്മെന്റ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ രൂപീകരിച്ച് പ്രവർത്തനങ്ങൾ സജീവമാക്കി .ഗ്രന്ഥശാല സംഘത്തിന്റെ ഭാഗമായി ആരംഭിച്ച 'കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി' (കാൻഫെഡ്) രൂപീകരിച്ചത് പി.എൻ പണിക്കരാണ് .കേരള ഗ്രന്ഥശാല സംഘത്തിന്റേയും ,കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെയും ഭാഗമായി 1955-ലെ പന്ത്രണ്ടാം നമ്പർ ട്രാവൻകൂർ കൊച്ചി സൊസൈറ്റിസ് ആക്ട് പ്രകാരമാണ് കാൻഫെഡ് രെജിസ്റ്റർ ചെയ്യുന്നത് .നിരക്ഷരത തുടച്ച്നീക്കുക ,തുടർവിദ്യാഭ്യാസത്തിനുള്ള അവസരം നൽകുക ,അനൗപചാരിക വിദ്യാഭ്യാസ രീതി ശക്തിപ്പെടുത്തുക തുടങ്ങിയവയായിരുന്നു കാൻഫെഡിന്റെ ലക്ഷ്യങ്ങൾ .ഇന്ത്യയിലെ സമ്പൂർണ്ണ സാക്ഷരതയുള്ള സംസ്ഥാനമായി കേരളം ആവിർഭവിച്ചതിൽ കാൻഫെഡ് വഹിച്ച പങ്ക് നിസ്തുലമാണ് .1977-95 കാലത്ത് കാൻഫെഡിന്റെ പ്രേരകശക്തിയായിരുന്നു പി എൻ പണിക്കർ .1995 -ജൂൺ 19 ന് തിരുവനന്തപുരത്ത് വച്ച് രോഗബാധിതനായി മരിച്ച അദ്ദേഹത്തോടുള്ള ആദരസൂചകമായി 1996 മുതലാണ് കേരള സർക്കാർ ജൂൺ 19 വായനാദിനമായി ആചരിക്കാൻ തുടങ്ങിയത് . അവലംബം 1.ഡോ.അനുസ്മിത ,എൻ .'പി .എൻ പണിക്കർ വായനയുടെ അണയാത്ത വഴിവിളക്ക്' 2.പരമേശ്വരൻ പിള്ള,എരുമേലി .'സാഹിത്യം കാലഘട്ടങ്ങളിലൂടെ ',1998,കറന്റ് ബുക്ക്സ് ,കോട്ടയം . 3.കൃഷ്ണപിള്ള ,എൻ ,'കൈരളിയുടെ കഥ' ,2008, ഡി.സി ബുക്ക്സ് ,കോട്ടയം . 4.Sivadasan pillai.k,KANFED and the Adult Education Scene in India .

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ

വാക്കടയാളങ്ങൾ