പ്രായോഗികവാദം : അനുഭവങ്ങളുടെ അറിവിടങ്ങളും നിത്യചൈതന്യയതിയുടെ വിചാരലോകവും.

പ്രായോഗികവാദം : അനുഭവങ്ങളുടെ അറിവിടങ്ങളും നിത്യചൈതന്യയതിയുടെ വിചാരലോകവും. ദീപ്തി കെ. എച്ച് പ്രബന്ധസംഗ്രഹം പൗരാണിക ഗ്രീസിലെ സോഫിസ്റ്റ് ദാർശനികരിൽനിന്ന് ഉത്ഭവിച്ച പ്രായോഗികവാദം ചിന്തയേക്കാളുപരി മനുഷ്യരുടെ പ്രവൃത്തികൾക്കാണ് പ്രാധാന്യം നൽകുന്നത്. എല്ലാ ബോധനങ്ങളുടെയും അടിസ്ഥാനം പ്രവൃത്തിയാണെന്നാണ് പ്രായോഗികവാദികൾചിന്തിക്കുന്നത്.പ്രായോഗികവാദത്തിലധിഷ്ഠിതമായ വിദ്യാഭ്യാസപ്രക്രിയകളാണ് തുറന്ന മനസ്സോടെ ഏറ്റെടുക്കേണ്ടതെന്ന് നിത്യചൈതന്യയതിയുടെ വിചാരലോകങ്ങൾ നമ്മോട് സംവദിച്ചുകൊണ്ടേയിരിക്കുന്നത്. പ്രബന്ധം വിദ്യാഭ്യാസത്തെ സംബന്ധിച്ച് വിശാലവും സമഗ്രവുമായ കാഴ്ചപ്പാട് വെച്ചുപുലർത്തിയിരുന്ന ധൈഷണികരിലൊരാളായിരുന്നു നിത്യചൈതന്യയതി. മനുഷ്യജീവിതത്തിന്റെ സർവതലങ്ങളേയും സ്പർശിക്കുന്ന അദ്ദേഹത്തിന്റെ വിദ്യാഭ്യാസചിന്തകൾ ‘പരിവർത്തനോന്മുഖ വിദ്യാഭ്യാസം’, ‘പ്രശാന്തമായ വിദ്യാലയാന്തരീക്ഷം’, എന്നീ കൃതികളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. വിദേശരാജ്യങ്ങളിൽ സഞ്ചരിക്കുകയും അവിടങ്ങളിൽ നിലനിൽക്കുന്ന വിദ്യാഭ്യാസമാതൃകകൾ ആഴത്തിൽ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്തതിനുശേഷം നമ്മുടെ നാട്ടിലെ വിദ്യാഭ്യാസരീതിയോട് യോജിക്കുവാൻ കഴിയില്ലെന്ന് ‘പരിവർത്തനോന്മുഖ വിദ്യാഭ്യാസം’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിലെ വിദ്യാഭ്യാസരീതിയെ ആഴത്തിൽ പഠിക്കുവാനും അപഗ്രഥിക്കുവാനുമായി വ്യത്യസ്തവും സുതാര്യവുമായ രീതിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. . “ഒരു ജനാധിപത്യരാജ്യത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയപ്രവർത്തനമാണ് മക്കളെ വളർത്തൽ. ആ രാഷ്ട്രീയപ്രവർത്തനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വിദ്യാഭ്യാസം” (2023:123) എന്ന് ‘താങ്ങാവാൻ തണലാവാൻ താങ്ങാവുന്ന വിദ്യാഭ്യാസം’ എന്ന പുസ്തകത്തിൽ ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും പറഞ്ഞുവെയ്ക്കുന്നു. ഈ അഭിപ്രായത്തെ സാധൂകരിക്കുന്ന പ്രായോഗികവും പ്രസക്തവുമായ വിദ്യാഭ്യാസരീതികൾക്കാണ് യതി ഊന്നൽ നൽകിയത്. പൗരാണിക ഗ്രീസിലെ സോഫിസ്റ്റ് ദാർശനികരിൽനിന്ന് ഉത്ഭവിച്ച പ്രായോഗികവാദം ചിന്തയേക്കാളുപരി മനുഷ്യരുടെ പ്രവൃത്തികൾക്കാണ് പ്രാധാന്യം നൽകുന്നത്. എല്ലാ ബോധനങ്ങളുടെയും അടിസ്ഥാനം പ്രവൃത്തിയാണെന്നാണ് പ്രായോഗികവാദികൾ ചിന്തിക്കുന്നത്. പഠനപ്രക്രിയയെ ലക്ഷ്യബോധമുള്ള പ്രവൃത്തിയാക്കാൻ ഈ ചിന്താപദ്ധതി സഹായിക്കുന്നുമുണ്ട്. “വിദ്യാഭ്യാസത്തെ പരമ്പരാഗതരീതികളുമായി ബന്ധിപ്പിക്കുന്നില്ല. എല്ലാം സ്വാനുഭവങ്ങളുമായി ബന്ധപ്പെടുത്തി പരീക്ഷിച്ച് നോക്കുവാനാണ് പ്രായോഗികവാദ ദാർശനികർ ഉപദേശിക്കുന്നതെന്ന് വിദ്യാഭ്യാസം: സാമൂഹിക-ദാർശനികതലങ്ങൾ എന്ന പുസ്തകത്തിൽ ടി.സി. തങ്കച്ചൻ രേഖപ്പെടുത്തുന്നു “(2008: 86). പ്രായോഗികവാദത്തിന്റെ പ്രായോക്താക്കളിൽ ഒരാളായിരുന്ന മഹാത്മാഗാന്ധിയുടെ ‘നയീ താലിം’ എന്ന ചിന്താരീതി പ്രായോഗികവിദ്യാഭ്യാസത്തിന്റെ സാധ്യതകളെ വിശദമായിത്തന്നെ പ്രതിപാദിക്കുന്ന സങ്കല്പത്തെയാണ് മുന്നോട്ടുവെയ്ക്കുന്നത്. “അധ്യാപകന്റെ മേൽനോട്ടത്തിൽ രൂപപ്പെടുത്തിയെടുക്കുവാനായി അവനു കിട്ടുന്ന പ്രാതിയൗഗികമായ കരുവാണ് കുഞ്ഞ്. ആ കുഞ്ഞിൽ രൂപം കൊള്ളുന്ന വ്യക്തിത്വം വേണം ഭാവിജനതയ്ക്ക് സുരക്ഷിതത്വം നൽകുന്ന പ്രതിജ്ഞയായിത്തീരേണ്ടത്” (2014: 66) ‘വിദ്യാഭ്യാസത്തിന്റെ മനശാസ്ത്രഭൂമിക’ എന്ന പുസ്തകത്തിൽ ശിവരാജൻ. കെ. സൂചിപ്പിച്ചിട്ടുള്ള ഈ അഭിപ്രായത്തെ ചേർത്തുവായിച്ചാൽ വിദ്യഭ്യാസകാലഘട്ടത്തിൽ അധ്യാപകർക്കുള്ള കർത്തവ്യങ്ങളെ സംബന്ധിച്ച ധാരണ തെളിഞ്ഞുകിട്ടും. വിദ്യാർത്ഥിയുടെ സ്വഭാവരൂപീകരണത്തിൽ വലിയൊരു പങ്ക് അധ്യാപകനുണ്ട്. അധ്യാപകന്റെ സൂക്ഷ്മമായ ഓരോ ഇടപെടലും ജീവിതകാലം മുഴുവൻ വിദ്യാർത്ഥികളെ സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിദ്യാർത്ഥികളുമായി ഇടപെടലുകൾ നടത്തുമ്പോൾ അധ്യാപകർ ഇക്കാര്യങ്ങൾ കൃത്യമായി ഉൾക്കൊള്ളേണ്ടതുണ്ട്. ജീവിതത്തിന്റെ പ്രായോഗികവശങ്ങൾ പരിശീലിപ്പിക്കുവാനും അതോടൊപ്പം അദ്ധ്യാപകർക്ക് കഴിയണം. വിദ്യാഭ്യാസത്തിലൂടെ ഓരോ കുട്ടിയും അവനു വികസിക്കാവുന്നത്രയും വികസിക്കുന്ന മനുഷ്യനായിത്തീരണമെന്നതായിരുന്നു യതിയുടെ സങ്കല്പം. അതുകൊണ്ടുതന്നെ പ്രായോഗികവാദത്തിലധിഷ്ഠിതമായ വിദ്യാഭ്യാസപ്രക്രിയകളാണ് തുറന്ന മനസ്സോടെ ഏറ്റെടുക്കേണ്ടതെന്ന് നിത്യചൈതന്യയതിയുടെ വിചാരലോകങ്ങൾ നമ്മോട് സംവദിച്ചുകൊണ്ടേയിരിക്കുന്നു. സഹായക ഗ്രന്ഥങ്ങൾ 1. ഗോപാലകൃഷ്ണൻ, വിജയലക്ഷ്മി., 2023: താങ്ങാവാൻ തണലാവാൻ താങ്ങാവുന്ന വിദ്യാഭ്യാസം. സാരംഗ് ബുക്ക്സ്, പാലക്കാട്‌. 2. നിത്യചൈതന്യയതി., 2014: പരിവർത്തനോന്മുഖ വിദ്യാഭ്യാസം. നാരായണ ഗുരുകുലം, ശ്രീനിവാസപുരം, വർക്കല. 3. നിത്യചൈതന്യയതി., 2005: പ്രശാന്തമായ വിദ്യാലയാന്തരീക്ഷം, നാരായണ ഗുരുകുലം, ശ്രീനിവാസപുരം, വർക്കല. 4. തങ്കച്ചൻ, ടി. സി., 2008: വിദ്യാഭ്യാസം ദാർശനിക-സാമൂഹ്യശാസ്ത്രതലങ്ങൾ. വി. പബ്ലിഷേഴ്സ്, കോട്ടയം. 5.ശിവരാജൻ, കെ., 2014: വിദ്യാഭ്യാസത്തിന്റെ മനഃശാസ്ത്രഭൂമിക, കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരണം.

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

പ്രായോഗികവാദം :അനുഭവങ്ങളുടെ അറിവിടങ്ങൾ,യതിയുടെ വിദ്യാഭ്യാസ ചിന്തകളിൽ.